Skip to main content

കെസിസിപിഎൽ ചെണ്ടുമല്ലി കൃഷിയിലേക്കും ഖനന ഭൂമിയിൽ ചെണ്ടുമല്ലിപ്പൂക്കാലം

വൈവിധ്യവത്കരണത്തിന്റെ നൂതന സാധ്യതകൾ തേടുന്ന കേരള ക്ലേയ്‌സ് ആന്റ് സെറാമിക്‌സ് പ്രൊഡക്ട്‌സ് ലിമിറ്റഡ് (കെസിസിപിഎൽ) ചെണ്ടുമല്ലി കൃഷിയിലും വിജയം കൊയ്യുന്നു. കെസിസിപി എല്ലിന്റെ മാടായി യൂണിറ്റിലാണ് അര ഏക്കറിൽ ചെണ്ടുമല്ലി കൃഷി ചെയ്യുന്നത്. ഓണക്കാലം ലക്ഷ്യമിട്ടാണ് പൂ കൃഷി. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ കൃഷിയിൽ നൂറുമേനി വിളവും ലഭിച്ചു. കെ സി സി പി എൽ ചെയർമാൻ ടി വി രാജേഷ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. അടുത്ത വർഷം രണ്ട് ഏക്കറോളം സ്ഥലത്ത് കൃഷി ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
പതിറ്റാണ്ടുകളോളം ചൈനാക്ലേ ഖനനം ചെയ്ത പ്രദേശത്താണ് ചെണ്ടുമല്ലി വസന്തം തീർത്തത്. ഫാക്ടറി വളപ്പിലെ മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള പൂക്കൾ കാഴ്ചക്കാർക്കും കൗതുകമാണ്. കെ സി സി പി എൽ ഉൽപ്പന്നമായ അഗ്രിപിത്ത് ചകിരിച്ചോർ വളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. ജീവനക്കാർ തന്നെയാണ് ചെടികളെ പരിപാലിക്കുന്നതും. കഴിഞ്ഞ വർഷം ഇവിടെ നടത്തിയ പച്ചക്കറി കൃഷിയും മികച്ച വിജയമായിരുന്നു. ഇവിടെത്തന്നെ മുളപ്പിച്ചെടുത്ത മൂവായിരത്തിലധികം തൈകളാണ് മൂന്നു മാസം കൊണ്ട് പൂത്തുലഞ്ഞത്. ആദ്യ വർഷത്തെ കൃഷി നൂറുമേനി വിളഞ്ഞതിന്റെ ആഹ്ലാദത്തിലാണ് കെ സി സി പി എൽ അധികൃതർ. വരും വർഷങ്ങളിൽ കുറ്റിമുല്ല പോലുള്ള പൂ കൃഷികളും തുടങ്ങുമെന്ന് മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ പറഞ്ഞു. ഓണത്തിന് വിളവെടുക്കുന്ന പൂക്കൾ ജനകീയ കൂട്ടായ്മയിൽ  വിപണിയിൽ എത്തിക്കാനും പദ്ധതിയുണ്ട്.
ഔഷധി ഡയറക്ടർ കെ പത്മനാഭൻ, കെസിസിപിഎൽ പഴയങ്ങാടി യൂണിറ്റ് മാനേജർ ഒ വി രഘുനാഥൻ എന്നിവരും പങ്കെടുത്തു.

date