Skip to main content

ഒരു രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം: വാട്ടർ എ.ടി.എം പദ്ധതിയുമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്

 

കൈയിൽ ഒരു രൂപയുണ്ടോ എന്നാൽ ഒരു ലിറ്റർ വെള്ളം കിട്ടും. കുടിവെള്ളം കിട്ടുന്ന വാട്ടർ എ.ടി.എം പദ്ധതിയുമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്. ഒരു രൂപയ്ക്ക് ഒരു ലിറ്റർ മിനറൽ വാട്ടറാണ് എ.ടി.എം വഴി ലഭിക്കുക. ശുദ്ധമായ കുടിവെള്ളം വള്ളിക്കുന്ന് അത്താണിക്കലിൽ വരുന്ന വഴിയാത്രക്കാർക്കും വിദ്യാർഥികൾക്കും ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 24മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിലാണ് വാട്ടർ എ.ടി.എം സ്ഥാപിക്കുന്നത്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഒരു യൂണിറ്റിന് അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് എ.ടി.എം നിർമിക്കുന്നത്. അത്താണിക്കലിലുള്ള ഗ്രാമപഞ്ചായത്തിന്റെ പൊതു കിണറിലെ വെള്ളമാണ് ഇതിനായി  ഉപയോഗപ്പെടുത്തുന്നത്.
കെ.എസ്.ഐ.ഇ (കേരള സ്റ്റേറ്റ് ഇൻഡട്രിയർ എന്റർപ്രൈസസ് ലിമിറ്റഡ്) ന്റെ കീഴിൽ തൃശൂർ ആസ്ഥാനമായ വാട്ടർ വേൾഡ് എന്ന സൗകാര്യ എജൻസിക്കാണ് പദ്ധതിയുടെ കരാർ ചുമതല. കിണറിൽ നിന്നുള്ള വെള്ളം ശുദ്ധീകരിച്ച് 500 ലിറ്റർ ടാങ്കിൽ സംഭരിച്ച് വാട്ടർ എ.ടി.എം വഴി നൽകും. ഇതിന് രണ്ട് ടാപ്പുകളുണ്ട്. ഒന്നിൽ ഒരു രൂപയിട്ടാൽ ഒരു ലിറ്റർ തണുത്തവെള്ളവും മറ്റൊന്നിൽ അഞ്ച് രൂപയിട്ടാൽ അഞ്ച് ലിറ്റർ സാധാരണ വെള്ളവും ലഭിക്കും. ശുദ്ധജലം ഉറപ്പുവരുത്താനും പ്ലാസ്റ്റിക്ക് ബോട്ടിലിന്റെ ഉപയോഗം കുറയ്ക്കാനും ഇതുവഴി സാധിക്കും. പദ്ധതി വിജയകരമായി മുന്നോട്ട് പോവുകയാണെങ്കിൽ വള്ളിക്കുന്നിലെ മറ്റു പ്രധാന ഭാഗങ്ങളിലും വാട്ടർ എ.ടി.എം പദ്ധതി നടപ്പാക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. ഈ മാസത്തോടെ പ്രവർത്തന സജമാകും.

date