Skip to main content

ഓണത്തിന് ഒരു മുറം പച്ചക്കറി; ജില്ലയിൽ രണ്ട് ലക്ഷം വിത്ത് പാക്കറ്റുകളും എട്ട് ലക്ഷത്തിൽപരം തൈകളും വിതരണം ചെയ്തു

ഓണക്കാലത്ത് ഓരോ വീട്ടുവളപ്പിലും സുരക്ഷിതമായ പച്ചക്കറികൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതി പ്രകാരം ജില്ലയിൽ വിതരണം ചെയ്തത് രണ്ട് ലക്ഷത്തോളം വിത്ത് പാക്കറ്റുകൾ. കൂടാതെ എട്ട് ലക്ഷത്തിലധികം പച്ചക്കറി തൈകളും ഗുണഭോക്താക്കളിലെത്തി. വിപണിയിലെ വില വർധനവിൽ നിന്ന് ആശ്വാസമാകുന്നതോടൊപ്പം വീട്ടാവശ്യത്തിനുള്ള പച്ചക്കറി സ്വന്തമായി ഉത്പാദിപ്പിക്കുന്നതിനും പദ്ധതി ഗുണകരമാകും.
ചീര, വഴുതന, പയർ എന്നിവ ഉൾപ്പെട്ട വിത്ത് പാക്കറ്റുകളാണ് കൃഷി ഭവനുകൾ മുഖേന സൗജന്യമായി വിതരണം ചെയ്തത്. പച്ചക്കറി ഇനങ്ങളുടെ എട്ട് ലക്ഷം തൈകളും കൂടാതെ ദീർഘകാല വിളകളായ കോവൽ, അഗത്തിച്ചീര, നിത്യ വഴുതന എന്നീ ഇനങ്ങളടങ്ങിയ 14,000 തൈകളും ജില്ലയിൽ സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. വെള്ളക്കെട്ടുൾപ്പടെ കൃഷിക്ക് അനുകൂലമല്ലാത്ത സാഹചര്യം നിലനിൽക്കുന്നവർക്ക് അനുയോജ്യമായ സമയങ്ങളിൽ കൃഷിഭവനുകൾ മുഖേന വിത്തുകൾ വിതരണം ചെയ്യുമെന്ന് കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ എസ്. ബീന പറഞ്ഞു.
സംസ്ഥാനത്ത് എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്‌കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയിൽ എത്തിക്കുക, വിഷരഹിത പച്ചക്കറി ഉത്പാദനം കാര്യക്ഷമമായി നടപ്പിൽ വരുത്തുക തുടങ്ങിയ ലക്ഷ്യത്തോടെ നടപ്പിലാക്കിയ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായാണ് 'ഓണത്തിന് ഒരു മുറം പച്ചക്കറി' ക്യാമ്പയിൻ നടപ്പാക്കുന്നത്. കർഷകർ, കൃഷിക്കൂട്ടങ്ങൾ, വിദ്യാർഥികൾ, സഹകരണ സ്ഥാപനങ്ങൾ, കുടുംബശ്രീകൾ, ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനകൾ, ജനപ്രതിനിധികൾ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ തുടങ്ങി പൊതു സമൂഹത്തിലെ എല്ലാ വിഭാഗത്തെയും പങ്കെടുപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

date