Skip to main content

ഖരമാലിന്യ പരിപാലനം കുറ്റമറ്റതാക്കാന്‍ വടകര നഗരസഭ

 

ഖരമാലിന്യ പരിപാലനം കുറ്റമറ്റതാക്കി മാറ്റാന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് വടകര നഗരസഭ. നഗരസഭകളില്‍ മാലിന്യ സംസ്‌കരണ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ലോക ബാങ്ക് സാമ്പത്തിക സഹായം ഉപയോഗിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത കേരള ഖരമാലിന്യ പരിപാലന പദ്ധതി വഴിയാണ് മാലിന്യ പരിപാലനത്തിന് പുതുവഴി തേടുന്നത്. ലോക ബാങ്ക്, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക.

ഖരമാലിന്യ പരിപാലന രംഗത്തെ പ്രശ്നങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും സമഗ്രമായ പരിഹാരം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നഗരങ്ങളിലെ മാലിന്യ സംസ്‌കരണ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുംഅടിസ്ഥാന സൗകര്യ വികസനത്തിനും ആധുനിക ശാസ്ത്രീയ സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. കേരള ഖരമാലിന്യ പരിപാലന പദ്ധതി വഴി 13.50കോടി രൂപയാണ് നഗരസഭയ്ക്ക് അനുവദിച്ചിട്ടുള്ളത്. ജൈവ- അജൈവ മാലിന്യ സംസ്‌കരണ സംവിധാനം, സാനിറ്ററി മാലിന്യ സംസ്‌കരണ സംവിധാനം, കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെമോളിഷന്‍ വേസ്റ്റ് സംസ്‌കരണ സംവിധാനം, പുതിയാപ്പ ട്രെഞ്ചിങ് ഗ്രൗണ്ടില്‍ ഉള്ള ബയോമൈനിങ് പ്രവര്‍ത്തി, നിലവിലുള്ള സംവിധാനങ്ങളുടെ വിപുലീകരണം തുടങ്ങിയവയാണ് പദ്ധതിയുടെ സഹായത്താല്‍ നഗരസഭയില്‍ നടപ്പിലാക്കുക.

ഖരമാലിന്യ പരിപാലന പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന സ്റ്റേക്ക് ഹോള്‍ഡര്‍ കണ്‍സള്‍ട്ടേഷന്‍ യോഗം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. പി ബിന്ദു ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.കെ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി  എന്‍.കെ ഹരീഷ്,  നവകേരളം ജില്ലാ  കോഡിനേറ്റര്‍ മണലില്‍ മോഹനന്‍, പ്രൊഫസര്‍ കെ.കെ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. സാമ്പത്തിക വിദഗ്ധ ശ്രീലത പദ്ധതിയെ കുറിച്ചും പി  സുരേഷ് കുമാര്‍ ഖരമാലിന്യ പരിപാലന രൂപരേഖയെ കുറിച്ചും വിശദീകരിച്ചു. യോഗത്തില്‍ വിവിധ മേഖലയില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.

date