Skip to main content
കുടി നിവാസികൾക്കൊപ്പം ചിത്രമെടുത്ത്  ജില്ലാ കളക്ടർ

ഗോത്രജനതയുടെ ആഘോഷങ്ങൾക്ക് മറയൂരിൽ തുടക്കം

തദ്ദേശീയ ജനതയുടെ അന്തർദേശീയ വാരാചരണത്തിന് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം  മറയൂർ കുത്തുകൽ കുടിയിൽ ജില്ലാ കളക്ടർ ഷീബ ജോർജ് നിർവഹിച്ചു. 'നിശ്ചയദാർഢ്യത്തോടെ തദ്ദേശിയ യുവത' യെന്ന സന്ദേശമുയർത്തിയാണ് ആഗസ്റ്റ് 9 മുതൽ 15 വരെ വാരാചരണം നടക്കുന്നത്.  സമൂഹത്തിന്റെ എല്ലാ  മേഖലകളിലേക്കും  ഗോത്രജനവിഭാഗങ്ങൾ കടന്നുവരേണ്ടതുണ്ടെന്ന്  കളക്ടർ പറഞ്ഞു . വിവിധ കുടികളുടെ ആശ്രയമായ മറയൂർ സി.എച്ച് സി യുടെ നവീകരണത്തിന്  1.5 കോടി രൂപ ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി നടപ്പാക്കും . കുടി നിവാസികളുടെ അടിസ്ഥാന സൗകര്യങ്ങൾ , വന്യമൃഗ ശല്യം ഒഴിവാക്കാൻ സോളാർ ഫെൻസിംഗ്  , കുടിവെള്ളം, കെട്ടിട നിർമ്മാണം, ഗതാഗത യോഗ്യമായ റോഡ് തുടങ്ങിയ ആവശ്യങ്ങൾ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കുമെന്നും  കളക്ടർ പറഞ്ഞു.

വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കുടികളിൽ  ആരോഗ്യം, വിദ്യാഭ്യാസം, ലഹരി വിരുദ്ധ ബോധവത്ക്കരണം തുടങ്ങിയ വിഷയങ്ങളിൽ  സെമിനാറുകളും, പ്രത്യേക ക്ലാസുകളും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തും.  ഗോത്രവിഭാഗങ്ങളുടെ തനത് കലകളും  വിവിധ ഇടങ്ങളിലായി അരങ്ങേറും . വേങ്ങപ്പാറ കുടിയിലും കുത്തുകൽ, പെരിയ കുടികളിലും  കളക്ടർ സന്ദർശനം നടത്തി.  കുടികളിലെ  മുതിർന്നവരെ കളക്ടർ പൊന്നാട നൽകി ആദരിച്ചു. ജില്ലാ തല ഉദ്ഘാടനത്തോടനുബന്ധിച്ച്  കുടി നിവാസികളുടെ  കെന്നഞ്ചി എന്ന  നൃത്ത രൂപവും കുടുംബശ്രീ അംഗങ്ങുടെ   കലാരൂപങ്ങളും  വേദിയിൽ അരങ്ങേറി.പരിപാടിയിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ഹെൻറി അധ്യക്ഷത വഹിച്ചു.

ദേവികുളം സബ് കളക്ടർ  രാഹുൽ കൃഷ്ണ ശർമ്മ, വട്ടവട വൈസ് പ്രസിഡന്റ് സി. വേലായുധൻ,   ജനപ്രതിനിധികളായ ജോമോൻ തോമസ്, മീന രമേഷ് , ദീപ അരുൾജ്യോതി, സത്യമതി പളനിസ്വാമി, വിജയ് സി കാളിദാസ്,, മറയൂർ ഡി.എഫ് .ഒ എം ജി വിനോദ് കുമാർ ,  ഊരിലെ കാണി ചിന്നസ്വാമി,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അലി കാസിം, പി എസ് ശശികുമാർ,എസ് അണ്ണാദുരൈ, ആൻസി ആന്റണി, കെ. അയ്യപ്പൻ, പ്രോജക്ട് ഓഫീസർ ജി അനിൽകുമാർ ,  ട്രൈബൽ ഡെവലപ്മെൻറ് ഓഫീസർ എസ്. എ നജീം,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ഊരുമൂപ്പൻമാർ , എസ് സി പ്രമോട്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

date