Skip to main content

ചിങ്ങം ഒന്ന്; ജില്ലയിൽ ഒരുങ്ങുന്നത് പതിനായിരത്തോളം പുതിയ കൃഷിയിടങ്ങൾ

ചിങ്ങം ഒന്നിന് നടക്കുന്ന കർഷക ദിനാചരണത്തിന്റെ മുന്നോടിയായി മലപ്പുറം ജില്ലയിൽ പതിനായിരത്തോളം പുതിയ സ്ഥലങ്ങളിൽ കൃഷിയിറക്കും. സംസ്ഥാനത്ത് ഒരു ലക്ഷം പുതിയ കൃഷിയിടങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലും പദ്ധതി നടപ്പാക്കുന്നത്. ഓരോ വാർഡ് തലത്തിൽ ആറ് സ്ഥലത്തെങ്കിലും പുതിയതായി കൃഷിയിറക്കാനാണ് സർക്കാർ നിർദേശം. ഇത് പ്രകാരം ആഗസ്റ്റ് 17ന് മുമ്പായി ഓരോ വാർഡിലും പുതിയതായി കണ്ടെത്തുന്ന കൃഷിയിടങ്ങളിൽ വിത്ത് വിതയ്ക്കലിന്റെയും നടീലിന്റെയും ഉദ്ഘാടനം നടത്താനുള്ള ഒരുക്കത്തിലാണ് കൃഷി വകുപ്പ്.  എല്ലാ കൃഷിഭവനുകളിലും അതത് തദ്ദേശ സ്ഥാപന അധ്യക്ഷരുടെ നേതൃത്വത്തിൽ കാർഷിക വികസന സമിതി, കർഷക സംഘടനകൾ, കൃഷിക്കൂട്ടങ്ങൾ, കുടുംബശ്രീ, ഹരിത കർമസേന, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യുവജന സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ യോഗം ചേർന്നാണ് പുതിയ കൃഷിയിടങ്ങൾ കണ്ടെത്തുന്നത്. പച്ചക്കറി കൃഷിക്ക് പ്രാധാന്യം നൽകിയാണ് പുതിയ കൃഷിയിടങ്ങൾ ഒരുക്കുന്നത്. പരമ്പരാഗത കാർഷിക രീതികൾക്ക് മുൻഗണന നൽകുന്നതോടൊപ്പം കാലാവസ്ഥയെ അടിസ്ഥാനപ്പെടുത്തിയും ഓരോ പ്രദേശത്തിന്റെ സാധ്യത അനുസരിച്ചുമാണ് ഏത് കൃഷി വേണമെന്നത് തീരുമാനിക്കുന്നത്. കൃഷി ഓഫീസർമാരുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുക. കൃഷിക്കൂട്ടങ്ങളുടെ സേവനവും ഉപയോഗപ്പെടുത്തും.

date