Skip to main content

വിലക്കയറ്റം നിയന്ത്രിക്കുന്നതിന് 109 ഓണച്ചന്തകളുമായി കൺസ്യൂമർഫെഡ്

ഓണത്തോടനുബന്ധിച്ച് വിപണി വിലക്കയറ്റം നിയന്ത്രിക്കുന്നതിന്  മലപ്പുറം ജില്ലയിൽ 109 സഹകരണ ഓണച്ചന്തകളുമായി കൺസ്യൂമർഫെഡ്. ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 97 സഹകരണ വകുപ്പിന് കീഴിലുള്ള സംഘങ്ങളിലും കൺസ്യൂമർഫെഡ് നേരിട്ട് നടത്തുന്ന 12 ത്രിവേണി സ്റ്റോറുകളിലും നേരിട്ടാണ് വിപണനം നടത്തുന്നത്. 13 സബ്ഡിഡി ഇനങ്ങൾ 50 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകും. 19 മുതൽ 28വരെ നടക്കുന്ന ഓണച്ചന്തയുടെ ജില്ലാതല ഉദ്ഘാടനം ആഗസ്റ്റ് 20ന് മന്ത്രി വി അബ്ദുറഹ്‌മാൻ നിർവഹിക്കും. കൺസ്യൂമർഫെഡ് ജില്ലാ ഡയറക്ടർ സോഫിയ മെഹറിൻ അധ്യക്ഷത വഹിക്കും.
 അരി ജയ -കിലോക്ക് 25 രൂപ, കുറുവ 25, കുത്തരി -24, പച്ചരി-23, പഞ്ചസാര ഒരു കിലോ-22, വെളിച്ചെണ്ണ -46 (അര ലിറ്റർ), ചെറുപയർ -74, കടല -43, ഉഴുന്ന് - 66, വൻപയർ-45, തുവരപരിപ്പ് -65, മുളക് -75, മല്ലി -79 എന്നീ വിലയിൽ ലഭിക്കും. നോൺ സബ്സിഡി ഇനങ്ങൾ പൊതുവിപണിയെക്കാൾ 10- 40 ശതമാനം വിലക്കുറവിൽ ലഭിക്കും. സേമിയ, പാലട, അരിയട, ചുവന്നുള്ളി, ഉള്ളി, ഉരുളക്കിഴങ്ങ്, കറിപ്പൊടികൾ, അരിപ്പൊടികൾ, തേയില എന്നിവയും ഓണച്ചന്തകളിൽ പ്രത്യേകം വിലക്കുറവിൽ ലഭ്യമാക്കും. വിപണന കേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് കൂപ്പൺ നൽകും. ഉപഭോക്താക്കൾക്ക് റേഷൻ കാർഡ് ഒന്നിന് അഞ്ച് കിലോ ജയ അരി, കുറുവ, കുത്തരി, രണ്ടു കിലോ പച്ചരി, ഒരു കിലോ പഞ്ചസാര എന്നിവയും മറ്റ് സബ്സിഡി ഇനങ്ങൾ 500 ഗ്രാം വീതവും ലഭിക്കും. സംസ്ഥാനത്ത് 100 കോടി രൂപയുടെ സബ്സിഡി ഇനങ്ങളും 100 കോടി രൂപയുടെ നോൺ സബ്സിഡി ഇനങ്ങളും ഉൾപ്പെടെ 200 കോടിയുടെ വിൽപ്പനയാണ് കൺസ്യൂമർഫെഡ് ലക്ഷ്യമിടുന്നത്.

date