Skip to main content

മത്സ്യത്തൊഴിലാളികൾക്ക് വല വിതരണം ചെയ്തു

തിരൂർ ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന വല വിതരണത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീൻ നിർവഹിച്ചു. തിരൂർ ബ്ലാക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത പുളിക്കൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്കിന് കീഴിലെ തീരദേശ മേഖലയായ മംഗലം, പുറത്തൂർ, വെട്ടം ഗ്രാമപഞ്ചായത്തിലെ 30 മത്സ്യത്തൊഴിലാളികൾക്കാണ് 22.5 ലക്ഷം രൂപ ചെലവിൽ വല വിതരണം ചെയ്തത്. ഇത് പ്രകാരം വിലയുടെ 75 ശതമാനം ബ്ലോക്ക് പഞ്ചായത്തും ശേഷിക്കുന്ന 25 ശനമാനം ഗുണഭോക്തൃ വിഹിതവും ചേർത്താണ് പദ്ധതി നടപ്പിലാക്കിയത്. സംസ്ഥാന സർക്കാരിന്റെ കോർഡിനേഷൻ കമ്മിറ്റിയുടെ പ്രത്യേകാനുമതി ലഭ്യമാക്കിയാണ് തിരൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഈ മാതൃകാ പദ്ധതി നടപ്പിലാക്കുന്നത്.
കഴിഞ്ഞ മൂന്ന് വർഷവും 50 ശതമാനം ഗുണഭോക്തൃ വിഹിതം ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയിരുന്നത്. എന്നാൽ ഇത്തവണ 25 ശതമാനം അധിക വിഹിതം ബ്ലോക്ക് പഞ്ചായത്ത് നൽകുമെന്നതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ഏറെ ആശ്വാസകരമാണ്. ആകെ ചെലവിന്റെ 25 ശമാനം മാത്രം നൽകിയാൽ മത്സ്യത്തൊഴിലാളികൾക്ക് അവരുടെ ആവശ്യാനുസരണമുള്ള വല സ്വന്തമാക്കാനാവും.

date