Skip to main content

പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികള്‍ക്ക് തുടക്കമായി

ആലപ്പുഴ: ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍  നടപ്പാക്കുന്നതെന്ന് കൃഷി മന്ത്രി പി.പ്രസാദ്. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് വെട്ടയ്ക്കല്‍ പാടശേഖരത്തിലെ എ, ബി ബ്ലോക്കുകളുടെ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികളുടെ (ആര്‍.കെ.വി.വൈ.) നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഭക്ഷ്യസുരക്ഷയില്‍ സ്വയം പര്യാപ്തത ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ കൃഷിയിലും അനുബന്ധമേഖലയിലും തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഉത്പാദനം മെച്ചപ്പെടുത്തുന്നതിനും സഹായകരമായിട്ടുണ്ട്. ഇത്തരം പദ്ധതികളിലൂടെ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കാനും സാധിച്ചെന്നും മന്ത്രി പറഞ്ഞു. 

വെട്ടയ്ക്കല്‍ എ ബ്ലോക്ക് പാടശേഖരത്ത് 1350 മീറ്റര്‍ തോട് താഴ്ത്തി ബണ്ട് നിര്‍മിക്കാനും 1425 മീറ്റര്‍ പാര്‍ശ്വ ഭിത്തി ഉയര്‍ത്തുന്നതിനുമായി 86 ലക്ഷം രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട്. വെട്ടക്കല്‍ ബി ബ്ലോക്കില്‍ രണ്ട് പമ്പ്‌സെറ്റുകളുടെ റിപ്പയര്‍, പുതിയ 50 എച്ച്.പി. പമ്പ്‌സെറ്റ് സ്ഥാപിക്കല്‍, പറക്കുഴി, പെട്ടിച്ചാല്‍ എന്നിവിടങ്ങളില്‍ മോട്ടോര്‍ ഷെഡ് നിര്‍മ്മാണം, 400 മീ. തോട് താഴ്ത്തി പാര്‍ശ്വഭിത്തി കെട്ടല്‍, 630 മീ. ബണ്ട് ബലപ്പെടുത്തല്‍, പുതിയ 50 എച്ച്.പി, വെര്‍ട്ടിക്കല്‍ ആക്‌സിയല്‍ ഫ്‌ളോ പമ്പ്‌സെറ്റ് വാങ്ങല്‍ എന്നിവയ്ക്കായി 1.53 കോടി രൂപയുടെ ഭരണാനുമതിയും നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് 1.28 കോടി രൂപയുടെ സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട്.

വെട്ടയ്ക്കല്‍ ബി ബ്ലോക്ക് പാടശേഖരത്തിന് സമീപം പുറത്താംകുഴി ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ജാസ്മിന്‍ അധ്യക്ഷത വഹിച്ചു. കാര്‍ഷിക എന്‍ജിനീയര്‍ വി. ബാബു പദ്ധതി അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. ശിവപ്രസാദ്, അംഗം വി. സജിമോള്‍ ഫ്രാന്‍സിസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ജയപാലന്‍, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തംഗം ജയ പ്രതാപന്‍, കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ.ജി. അമ്പിളി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date