Skip to main content

ഓണാശംസ കാര്‍ഡ് മത്സരം

മാലിന്യമുക്തം നവകേരളം കാമ്പയ്‌നിന്റെ ഭാഗമായി ശുചിത്വമിഷന്‍ വിദ്യാഭ്യാസവകുപ്പുമായി സഹകരിച്ച് വിദ്യാര്‍ഥികള്‍ക്ക് ഓണാശംസ കാര്‍ഡ് തയ്യാറാക്കല്‍ മത്സരം സംഘടിപ്പിക്കുന്നു. ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കുട്ടികളില്‍ അവബോധം വളര്‍ത്തുക ,മാതാപിതാക്കളെ ശാസ്ത്രീയ മാലിന്യ സംസ്‌കരണം സംബന്ധിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് ''ഈ ഓണം വരും തലമുറയ്ക്ക്'' എന്ന പേരില്‍ വിവര വിജ്ഞാന കാമ്പയ്‌നിന്റെ ഭാഗമായി ആശംസ കാര്‍ഡ് തയ്യാറാക്കല്‍ മത്സരം സംഘടിപ്പിക്കുന്നത് .
മത്സരത്തില്‍ ജില്ലയിലെ എല്ലാ എയ്ഡഡ്, അണ്‍ എയ്ഡഡ് ,സര്‍ക്കാര്‍ സ്‌കൂളുകളിലെയും യു.പി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ഥികള്‍ പ്രകൃതി സൗഹൃദ വസ്തുക്കള്‍ കൊണ്ട് മനോഹരമായ ആശംസ കാര്‍ഡ് തയ്യാറാക്കി രക്ഷിതാവിന്റെ കയ്യൊപ്പോടെ ഓണാവധിക്കു ശേഷം വരുന്ന ആദ്യ പ്രവര്‍ത്തി ദിവസം ക്‌ളാസ് ടീച്ചറെ ഏല്പിക്കണം. ലഭിക്കുന്ന കാര്‍ഡുകളില്‍ നിന്ന് സ്‌കൂള്‍ തലത്തില്‍ മികച്ച മൂന്ന് കാര്‍ഡുകള്‍ തിരഞ്ഞെടുത്തു സ്‌കൂള്‍ അധികൃതര്‍ ജില്ലാ ശുചിത്വമിഷന്‍ റിസോഴ്സ് പേഴ്സണെ ഏല്‍പ്പിക്കണം. ജില്ലാ ശുചിത്വ മിഷന്‍ റിസോഴ്സ് പേഴ്സണ്‍മാരും എ. ഇ. ഓ. മാരും ചേര്‍ന്ന് സബ്ജില്ലാതലത്തില്‍ മികച്ച മൂന്ന് കാര്‍ഡുകള്‍ തിരഞ്ഞെടുക്കുകയും ജില്ലാതല വിലയിരുത്തലുകള്‍ക്ക് ശേഷം തിരഞ്ഞെടുക്കുന്ന കാര്‍ഡുകള്‍ സംസ്ഥാന തലത്തിലേക്ക് നല്‍കും. ജില്ലാ തലത്തിലെ മികച്ച കാര്‍ഡുകള്‍ക്കു സമ്മാനവും സബ്ജില്ലയിലെ മികച്ച കാര്‍ഡുകള്‍ക്കു പ്രോത്സാഹന സമ്മാനവും ജില്ലാ ശുചിത്വ മിഷന്‍ നല്‍കും. ജില്ലാതലത്തില്‍ ഒന്നാം സമ്മാനം അയ്യായിരം രൂപയും രണ്ടാം സമ്മാനം മൂവായിരം രൂപയും മൂന്നാം സമ്മാനം രണ്ടായിരം രൂപയുമാണ്. സംസ്ഥാനതലത്തിലെ വിജയികള്‍ക്ക് സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വച്ച് യഥാക്രമം പതിനായിരം, ഏഴായിരം, അയ്യായിരം രൂപ സമ്മാനമായി ലഭിക്കും. മത്സരത്തില്‍ 50% മാര്‍ക്ക് കാര്‍ഡിലെ ആശയങ്ങള്‍ക്കും ഉള്ളടക്കത്തിനും , 30% മാര്‍ക്ക് ഡിസൈന്‍ , ഭംഗി, ഭാവന എന്നിവയ്ക്കും 20% പ്രകൃതി സൗഹൃദ വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിക്കുന്നതിനുമാണ്.

date