Skip to main content
വിലക്കയറ്റം തടയുന്നതില്‍ സപ്ലൈകോ രാജ്യത്തിന് മാതൃക: മന്ത്രി ജി.ആര്‍. അനില്‍

വിലക്കയറ്റം തടയുന്നതില്‍ സപ്ലൈകോ രാജ്യത്തിന് മാതൃക: മന്ത്രി ജി.ആര്‍. അനില്‍

ആലപ്പുഴ: ഓണവിപണിയിലെ വിലക്കയറ്റം തടയുന്നതില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുന്ന സപ്ലൈകോ രാജ്യത്തിന് മാതൃകയാണെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍. ജില്ലാതല സപ്ലൈകോ ഓണം ഫെയര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഓഗസ്റ്റ് 28 വരെ ആലപ്പുഴ നഗര ചത്വരത്തിലാണ് മേള.

സംസ്ഥാനത്തെ 200 റേഷന്‍ കടകള്‍ കൂടി കെ- സ്റ്റോറുകളാക്കി മാറ്റും. കേരളത്തിലുടനീളമുള്ള സപ്ലൈകോ സ്റ്റോറുകളില്‍ പ്രതിദിനം ഒന്‍പത് കോടി രൂപയുടെ വില്‍പനയുണ്ട്. സപ്ലൈകോ സ്റ്റോറുകളില്‍ അവശ്യവസ്തുക്കള്‍ ലഭിക്കുന്നില്ലെന്ന തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ ഇടവരുത്തും. സാധാരണക്കാര്‍ക്ക് കൈത്താങ്ങായി നില്‍ക്കുന്ന സപ്ലൈകോ സ്റ്റോറുകള്‍ നിലനിര്‍ത്തേണ്ടതും പിന്തുണയ്ക്കേണ്ടതും ഓരോ പൗരന്റെയും കടമയാണെന്നും പ്രാദേശിക കാര്‍ഷിക ഉത്പന്നങ്ങള്‍, കുടുംബശ്രീ യൂണിറ്റുകളുടെ ഉത്പന്നങ്ങള്‍ എന്നിവ ഭാവിയില്‍ റേഷന്‍ കടകള്‍ വഴി വിപണനം ചെയ്യുന്ന കാര്യം പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. 

ഓണക്കാലത്ത് ഒഴിച്ചികൂടാനാവാത്തതാണ് ഓണസദ്യ. ഓണസദ്യയ്ക്ക് വേണ്ട എല്ലാ ഉത്പന്നങ്ങളും മിതമായ നിരക്കില്‍ സപ്ലൈകൊ വഴി ലഭ്യമാക്കാന്‍ കഴിയുന്നുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. പി.പി.ചിത്തരഞ്ജന്‍ എം.എല്‍.എ ആദ്യവില്‍പന നടത്തി. 

ഓണവിപണിയിലെ വിലക്കയറ്റത്തെ തടയാനാണ് സപ്ലൈകോ ഓണം ഫെയറുകള്‍ നടത്തുന്നത്. വിവിധ ഉത്പന്നങ്ങള്‍ അഞ്ചു മുതല്‍ 50 ശതമാനം വരെ വിലക്കുറവിലും കോംബോ ഓഫറുകളിലും ലഭിക്കും. ആലപ്പുഴ നഗരചത്വരത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍, മുന്‍ എം.പി. ടി.ജെ. ആഞ്ചലോസ്, നഗരസഭാംഗം ആര്‍. വിനീത, സപ്ലൈകോ അഡീഷണല്‍ ജനറല്‍ മാനേജര്‍ പി.പി. സുരേഷ്, ജില്ല സപ്ലൈ ഓഫീസര്‍ ടി. ഗാനാദേവി, സപ്ലൈകോ മേഖല മാനേജര്‍ ജോസഫ് ജോര്‍ജ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date