Skip to main content

സിവിൽ സ്റ്റേഷനിൽ വിപണന ഔട്ട്ലറ്റുമായി ശരണ്യ കൂട്ടായ്മ

 

വനിതകൾക്കായി ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടപ്പിലാക്കുന്ന ശരണ്യ സ്വയം തൊഴിൽ പദ്ധതിയുടെ  ഗുണഭോക്താക്കളുടെ സംരംഭമായ ശരണ്യ കൂട്ടായ്മ വിപണന ഔട്ട്ലറ്റ് സിവിൽ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിച്ചു. വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ എ ഗീത നിർവഹിച്ചു. കോഴിക്കോട് ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ എം.ആർ രവികുമാർ അധ്യക്ഷത വഹിച്ചു.

നബാർഡ് സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച വിപണന ഔട്ട്ലറ്റിലൂടെ അംഗങ്ങൾ സ്വയം നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ, പ്രാദേശിക കർഷകരിൽ നിന്ന് ശേഖരിച്ച കാർഷിക ഉൽപ്പന്നങ്ങൾ, മഞ്ഞൾ, കൂവ തുടങ്ങിയ നാടൻ ഉൽപ്പനങ്ങൾ, ജൈവ കൃഷിക്ക് അനുയോജ്യമായ വിത്ത്, ജൈവ വളം, കരകൗശല വസ്തുക്കൾ, അച്ചാറുകൾ, സർബത്ത്, സോപ്പ്, ലോഷനുകൾ തുടങ്ങി വ്യത്യസ്ത ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചാണ് സ്വയം ശാക്തീകരണം എന്ന ലക്ഷ്യത്തിലേക്ക് ശരണ്യ കൂട്ടായ്മ ചുവടുകൾ വെക്കുന്നത്. 11 എക്‌സിക്യൂട്ടിവ് അംഗങ്ങളും 250 ഓളം അംഗങ്ങളുമാണ് നിലവിൽ ശരണ്യ കൂട്ടായ്മയുടെ ഭാഗമായുള്ളത്. 2016 ൽ പ്രവർത്തനം തുടങ്ങിയ കൂട്ടായ്മ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തത് 2019 ലാണ്. 

കൗൺസിലർ എം.എൻ പ്രവീൺ, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ രാജീവൻ പി, മുൻ ജില്ലാ സെൽഫ് എംപ്ലോയ്മെന്റ് ഓഫീസർ അമ്മാർ ടി,  ലീഡ് ഡിസ്ട്രിക് മാനേജർ മുരളീധരൻ ടി.എം, ഇന്നർവീൽ ക്ലബ് ഓഫ് കാലിക്കറ്റ് സെൻട്രൽ പ്രതിനിധി ആശാ ഷിബു, വിവിധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ശരണ്യ കൂട്ടായ്മ സെക്രട്ടറി ജെസ്സി ബാബു സ്വാഗതവും വി ജി എംപ്ലോയ്മെന്റ് ഓഫീസർ സജീഷ് സി.കെ നന്ദിയും പറഞ്ഞു.

date