Skip to main content

മിഷൻ ഇന്ദ്രധനുഷ്; മൊബൈൽ ഐ.ഇ.സി ക്യാമ്പയിൻ ആരംഭിച്ചു

 

കുട്ടികളുടെയും ഗർഭിണികളുടെയും രോഗപ്രതിരോധ കുത്തിവെയ്പ്പ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ നടപ്പിലാക്കുന്ന മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞത്തിന്റെ മൊബൈൽ ഐ.ഇ.സി ക്യാമ്പയിൻ ജില്ലയിൽ ആരംഭിച്ചു. ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തിൽ നടത്തുന്ന മൊബൈൽ ഐ.ഇ.സി വാഹനത്തിന്റെ ഫ്ളാഗ് ഓഫ് ജില്ലാ കലക്ടർ എ ഗീത നിർവഹിച്ചു.

ജില്ലയിലെ രോഗപ്രതിരോധ കുത്തിവെയ്പ്പ് കുറഞ്ഞ മേഖലകളായ വളയം, കുറ്റ്യാടി, തിരുവള്ളൂർ, കൊടുവള്ളി, ചെറൂപ്പ, ചെറുവാടി എന്നീ പ്രദേശങ്ങളെ കേന്ദ്രീകരിച്ചാണ് മൊബൈൽ ഐ.ഇ.സി ക്യാമ്പയിൻ നടപ്പിലാക്കുന്നത്. ജനങ്ങളിൽ നേരിട്ടെത്തി മിഷൻ ഇന്ദ്രധനുഷിന്റെ പ്രചരണം നടത്തുക, സംശയങ്ങൾ ദൂരീകരിക്കുക, പൊതുജനങ്ങൾക്കായി അവബോധം നൽകുക, കുത്തിവെയ്പ്പെടുക്കാൻ വിമുഖത കാണിക്കുന്നവരുടെ ഗൃഹസന്ദർശനം നടത്തുക, വാക്സിൻ എടുക്കാത്തതിന്റെ കാരണങ്ങൾ കണ്ടെത്തുക എന്നിവയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.

സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. സച്ചിൻ ബാബു, അസ്സിസ്റ്റന്റ് സർജൻ ഡോ.രഞ്ജിത്ത് (ആർ.സി.എച്ച് വിംഗ്), എം.സി.എച്ച് ഓഫീസർ പുഷ്പ, എൻ.എച്ച്.എം കൺസൾട്ടന്റ് (ഡി & സി) ദിവ്യ.സി എന്നിവർ സംസാരിച്ചു.

മലബാർ മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ പി.ജി വിദ്യാർത്ഥി ഡോ.അഫ്താബ് കാസിം, മെഡിക്കൽ കോളേജിലെ അപ്പോത്തിക്കിരി യൂണിറ്റിലെ വിദ്യാർത്ഥികളായ വർഷ ടി.പി, അനുശ്രീ ടി.കെ, ഐശ്വര്യ കെ അജി, ഫുവാദ് ആബിദ്, സുഹ സക്കറിയ, ഹരികൃഷ്ണൻ വി.എം എന്നിവരാണ് മൊബൈൽ ഐ.ഇ.സി ക്യാമ്പയിൻ ടീമിലെ അംഗങ്ങൾ. ആഗസ്റ്റ് 25 വരെയാണ് ക്യാമ്പയിൻ ജില്ലയിൽ നടപ്പിലാക്കുന്നത്.

date