Skip to main content
തളിപ്പറമ്പ നഗരസഭ കുടുംബശ്രീ ജില്ലാ മിഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഓണശ്രീ 2023 വില്ലേജ് ഫെസ്റ്റിവൽ ഓണക്കാല വ്യവസായ വിപണന മേളയുടെ ഉദ്ഘാടനം തളിപ്പറമ്പിൽ എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിക്കുന്നു

തളിപ്പറമ്പിൽ ഓണശ്രീ വില്ലേജ് ഫെസ്റ്റിവലിന് തുടക്കമായി

 
ഓണത്തെ വരവേൽക്കാൻ തളിപ്പറമ്പിൽ ഓണശ്രീ 2023ന് തുടക്കമായി. കുടുംബശ്രീ ജില്ലാ മിഷനും തളിപ്പറമ്പ് നിയോജക മണ്ഡലവും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണശ്രീ 2023 വില്ലേജ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം മന്ന മദ്രസക്ക് സമീപം എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ നിർവഹിച്ചു. സെപ്റ്റംബർ മൂന്നു വരെ നടക്കുന്ന മേളയിൽ വിവിധ സ്റ്റാളുകൾ, ഫുഡ് കോർട്ട്, അമ്യൂസ്മെന്റ് റൈഡുകൾ, കലാസംസ്‌കാരിക പരിപാടികൾ എന്നിവ ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ, ഹോർട്ടികോർപ്പ്, സാംസ്‌കാരിക സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലുമായി നടത്തുന്ന പരിപാടികൾക്ക് കുടുംബശ്രീയാണ് നേതൃത്വം നൽകുന്നത്. കുടുംബശ്രീ സ്റ്റാളുകളോടൊപ്പം സ്വയം സംരംഭകരുടെയും ചെറുകിട വ്യവസായി യൂണിറ്റുകളുടെയും സ്റ്റാളുകളും ഉണ്ട്.
തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ. എം സുർജിത് പദ്ധതി വിശദീകരണം നടത്തി. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, സ്ഥിരം സമിതി അധ്യക്ഷരായ എം കെ ഷബിത, പി റജുല, കെ നബീസ ബീബി, പി പി മുഹമ്മദ് നിസാർ, കെ പി ഖദീജ, വാർഡ് കൗൺസിലർമാരായ കൊടിയിൽ സലീം ഒ സുഭാഗ്യം, വത്സരാജൻ, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ രാജി നന്ദകുമാർ, മെമ്പർ സെക്രട്ടറി പ്രദീപൻ, നഗരസഭ സെക്രട്ടറി കെ പി സുബൈർ, പ്രസ് ഫോറം പ്രസിഡണ്ട് എം കെ മനോഹരൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി കെ എസ് റിയാസ്, വ്യാപാരി വ്യവസായ സമിതി പ്രതിനിധി കെ വി മനോഹരൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date