Skip to main content

'കനിവി'ൽ വിരിയുന്നത് സാന്ത്വനത്തിന്റെ പുതു പ്രതീക്ഷകൾ

ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികൾക്ക് കരുതലും കൈത്താങ്ങുമായി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 'കനിവ് 'പദ്ധതി മൂന്നാം വർഷത്തിലേക്ക്. ഡയാലിസിസ് ചെയ്യുന്നവർക്ക് സൗജന്യമായി മരുന്നും ഡയാലിസിസ് കിറ്റും നൽകുന്നതാണ് പദ്ധതി. സമൂഹത്തിൽ വർധിച്ചു വരുന്ന വൃക്ക രോഗങ്ങളെ ക്രിയാത്മകമായി പ്രതിരോധിക്കാനും ചികിത്സ ചെലവ് കണ്ടെത്താൻ കഴിയാതെ പ്രയാസപ്പെടുന്ന കുടുംബങ്ങളെ സഹായിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികൾക്ക് എല്ലാ മാസവും മരുന്നും ഡയാലിസിസ് കിറ്റുമാണ് നൽകുന്നത്. ഈ വർഷം 136 പേർക്ക് പദ്ധതി പ്രകാരം മരുന്നുകൾ വിതരണം ചെയ്യും. ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. 2021-22 വർഷമാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി 230 പേർക്ക് പദ്ധതി വഴി മരുന്നുകളും കിറ്റും നൽകി കഴിഞ്ഞു. ഈ വർഷം 34 ലക്ഷം രൂപയാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലും പ്രത്യേക സർവേ നടത്തിയാണ് രോഗികളുടെ വിവരങ്ങൾ ശേഖരിച്ചത്. ഗുണഭോക്താക്കളായ രോഗികൾക്ക് അതത് പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴിയാണ് കിറ്റുകൾ നൽകുന്നത്. രോഗികൾക്ക് ചികിത്സ ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും ആവശ്യപ്പെടുന്ന മരുന്നിന്റെ ലിസ്റ്റ് അതത് പിഎച്ച്സികളിലെ മെഡിക്കൽ ഓഫീസർമാർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തി സി എച്ച് സി യിലെ മെഡിക്കൽ ഓഫീസർക്ക് കൈമാറുകയും ഇവിടെനിന്നും മരുന്നുകൾ വാങ്ങി പി എച്ച് സികൾ വഴി രോഗികൾക്ക് എത്തിച്ചു നൽകുകയുമാണ് ചെയ്യുന്നത്. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഇരിക്കൂർ, പടിയൂർ, ഉളിക്കൽ, പയ്യാവൂർ, എരുവേശ്ശി, മലപ്പട്ടം, മയ്യിൽ, കുറ്റിയാട്ടൂർ എന്നീ പഞ്ചായത്തുകളിലെ രോഗികൾക്കാണ് ചികിത്സ സഹായം ലഭ്യമാകുക.
ബ്ലോക്കിനകത്തെ മാരക രോഗങ്ങൾ പിടിപെട്ട് ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ ചേർത്ത് പിടിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബർട്ട് ജോർജ് പറഞ്ഞു

date