Skip to main content
വേണ്ടാത്തവ വലിച്ചെറിയേണ്ട: സിവില്‍ സ്‌റ്റേഷനിലെ സ്വാപ് ഷോപ്പില്‍ നല്‍കാം

വേണ്ടാത്തവ വലിച്ചെറിയേണ്ട: സിവില്‍ സ്‌റ്റേഷനിലെ സ്വാപ് ഷോപ്പില്‍ നല്‍കാം

ആലപ്പുഴ: ഉപയോഗ യോഗ്യമായ എന്നാൽ വീട്ടില്‍ ആവശ്യമില്ലാത്ത വസ്തുക്കള്‍ ഇനിമുതല്‍ അലക്ഷ്യമായി ഇടുകയോ കളയുകയോ വേണ്ട.
അവ ആവശ്യമുള്ളവര്‍ക്ക് കൈമാറാം. സിവില്‍ സ്‌റ്റേഷനില്‍ ജില്ല പഞ്ചായത്തിന്റേയും ജില്ല ഭരണകൂടത്തിന്റേയും നേതൃത്വത്തില്‍ ആരംഭിച്ച സ്വാപ് ഷോപ്പിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഇവിടെ നിന്നും അര്‍ഹരായവര്‍ക്ക് ഈ വസ്തുക്കള്‍ സൗജന്യമായി നല്‍കും. ജില്ലയെ മാലിന്യമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സ്വാപ് ഷോപ്പ് തുറന്നത്. 

ആദ്യഘട്ടത്തില്‍ സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലെ ജീവനക്കാര്‍ക്ക് അവരുടെ വീടുകളിലെ ഉപയോഗയോഗ്യമായതും ആവശ്യമില്ലാത്തതുമായ ഉത്പന്നങ്ങൾ നൽകാം. ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫര്‍ണിച്ചര്‍, തുണിത്തരങ്ങള്‍, വാഹനങ്ങള്‍ തുടങ്ങി കളിപ്പാട്ടം വരെയുള്ള ഉത്പന്നങ്ങള്‍ നല്‍കാം. പഴകിയതും മുഷിഞ്ഞതും കേടുപാടുകൾ സംഭവിച്ച് ഉപയോഗിക്കാൻ പറ്റാത്തതുമായ ഉത്പന്നങ്ങൾ സ്വീകരിക്കില്ല.

സ്വാപ് ഷോപ്പിന്റെ ഉദ്ഘാടനം ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. ശിവപ്രസാദ്, സ്ഥിരം സമിതി അധ്യക്ഷരായ ടി.എസ്. താഹ, എം.വി. പ്രിയ, സെക്രട്ടറി കെ.ആര്‍. ദേവദാസ്, നവ കേരളം മിഷന്‍ ജില്ല കോ-ഓഡിനേറ്റര്‍ കെ.എസ്. രാജേഷ്, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് കുഞ്ഞ് ആശാന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date