Skip to main content

കലയും സാഹിത്യവും ഒരുമയുടെ സന്ദേശമാണ് പകരുന്നതെന്ന്  മന്ത്രി അഹമ്മദ് ദേവർകോവിൽ

 

കലയും സാഹിത്യവും മനുഷ്യമനസ്സുകൾക്ക് ഒരുമയുടെ സന്ദേശം പകരുന്ന നന്മകളാണെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ജില്ലയിലെ ഓണാഘോഷത്തോടനുബന്ധിച്ചുള്ള  റസിഡൻഷ്യൽ കലോത്സവം ലയൺസ് പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പ്രാദേശിക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനുള്ള മികച്ച അവസരങ്ങൾ ഒരുക്കുന്നതിന്  കലോത്സവങ്ങൾക്ക് സാധിക്കും. ഇത്തരം നന്മകളെ പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും മന്ത്രി പറഞ്ഞു.
ദീപാലങ്കാരത്തോടെയാണ് ഓണത്തെ വരവേൽക്കുന്നത്. വൈവിധ്യമായ പരിപാടികളാണ് വരും ദിവസങ്ങളിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടക്കുകയെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ഓണാഘോഷം ലോഗോ പ്രകാശനം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നിർവഹിച്ചു. മേയർ ഡോ. ബീന ഫിലിപ്പ്  മുഖ്യാതിഥിയായി. 

സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായാണ് ജില്ലയിൽ ഓണാഘോഷം സംഘടിപ്പിക്കുന്നത്. 
ബീച്ചിലെ ലയൺസ്‌ പാർക്കിനു സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള റസിഡൻഷ്യൽ കലോത്സവം നടന്നത്. 

ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ പി ദിവാകരൻ, കൗൺസിലർ റംലത്ത്, സബ് കലക്ടർ വി ചെൽസാസിനി, അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയിൻ, ഡി.ടി.പി.സി സെക്രട്ടറി ഡോ. നിഖിൽ ദാസ്, ഡിടിപിസി എക്സിക്യൂട്ടീവ് മെമ്പർ രാമകൃഷ്ണൻ, വനിതാ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ബിന്ദു വി.സി, റസിഡൻഷ്യൽ കലോത്സവം കൺവീനർ എം ബിജുലാൽ, കോർഡിനേറ്റർ സിന്ധു ആർ എന്നിവർ സംസാരിച്ചു.

date