Skip to main content

ചേനോത്ത് ഗവ. എൽപി സ്കൂൾ കെട്ടിടം   ശിലാസ്ഥാപനം നിർവ്വഹിച്ചു

 

ചേനോത്ത് ഗവ. എൽപി സ്കൂളിന് വേണ്ടി പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം പിടിഎ റഹീം എംഎൽഎ നിർവ്വഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പി മാധവൻ മുഖ്യാതിഥിയായി.

പിടിഎ റഹീം എം എൽ എയുടെ മണ്ഡലം ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 69.37 ലക്ഷം രൂപ ചെലവിലാണ് സ്കൂളിന് വേണ്ടി പുതിയ കെട്ടിടം നിർമിക്കുന്നത്. രണ്ട് നിലകളിൽ പണിയുന്ന സ്കൂൾ കെട്ടിടത്തിൽ നാല് ക്ലാസ് മുറികളും, ഓഫീസ് റൂമും, ടോയ്ലറ്റ് സമുച്ചയവും ഉൾപ്പെടും.

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ വിപിഎ സിദ്ദീഖ്, എംടി പുഷ്പ, റീന മാണ്ടിക്കാവിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുംതാസ് ഹമീദ്, ഗ്രാമപഞ്ചായത്ത് മെമ്പർ സബിത സുരേഷ്, ബിപിസി ജോസഫ് തോമസ്, എഇഒ കെജെ പോൾ, പിടിഎ പ്രസിഡന്റ് കെ മനോജ് കുമാർ, മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഹെഡ്മാസ്റ്റർ കെ അബ്ദുൽ ഷുക്കൂർ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ പിടി അബ്ദുറഹിമാൻ സ്വാഗതവും പി പ്രീതി നന്ദിയും പറഞ്ഞു.

date