Skip to main content

ജില്ലയില്‍ ഓണം വാരാഘോഷം 30 മുതല്‍

ജില്ലാതല ഉദ്ഘാടനം കോട്ടക്കുന്നില്‍ മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും

സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ലാ ഭരണകൂടവും ചേര്‍ന്ന് നടത്തുന്ന ഓണം വാരാഘോഷത്തിന് ആഗസ്റ്റ് 30 ന് തുടക്കമാവും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോടൊപ്പം ചേര്‍ന്ന് ജനകീയ കൂട്ടായ്മയോടെയാണ് ഇത്തവണ ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്. വാരാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ മൂന്ന് വരെ ജില്ലയില്‍ വിവിധ ഇടങ്ങളിലായി ആഘോഷ പരിപാടികളും മത്സരങ്ങളും നടക്കും. ആഗസ്റ്റ് 30 ന് മലപ്പുറം കോട്ടക്കുന്നിലാണ് വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം. വൈകീട്ട് 5.30 ന് സംസ്ഥാന കായിക, വഖഫ്, റെയില്‍വേ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ എം.പി അബ്ദുസ്സമദ് സമദാനി. എം.പി മുഖ്യാതിഥിയാവും. പി. ഉബൈദുല്ല എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് കണ്ണൂര്‍ ശരീഫ് നയിക്കുന്ന ഗാനമേള നടക്കും.
ആഗസ്റ്റ് 31 ന് വൈകീട്ട് പ്രശസ്ത പിന്നണി ഗായിക അശ്വതി രമേശ് നയിക്കുന്ന കലാസന്ധ്യയും സെപ്റ്റംബര്‍ ഒന്നിന് ഭാരത് ദര്‍ശന്‍ നൃത്ത നൃത്ത്യങ്ങളും സെപ്റ്റംബര്‍ രണ്ടിന് പ്രശാന്ത് സി.വി, ഷഹീന്‍ പി നാസര്‍ എന്നിവര്‍ നയിക്കുന്ന ഹിന്ദുസ്ഥാനി ബാന്‍സുരി കച്ചേരിയും സെപ്തംബര്‍ മൂന്നിന് അതുല്‍ നറുകര നയിക്കുന്ന മ്യൂസിക് ബാന്റും മലപ്പുറം കോട്ടക്കുന്നില്‍ വെച്ച് നടക്കും.  
ആഗസ്റ്റ് 30 ന് പൊന്നാനി ബിയ്യം കായലില്‍ വെച്ച് നീന്തല്‍ മത്സരം, വള്ളം കളി എന്നിവയും ആഗസ്റ്റ് 31 ന് താനൂര്‍ ഉണ്ണിയാല്‍ ഫിഷറീസ് സ്റ്റേഡിയത്തില്‍ വെച്ച് വടംവലി മത്സരം, ശിങ്കാരി മേളം മത്സരം എന്നിവയും ഓണം വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ നടക്കും.

date