Skip to main content

എംഎൽഎ, എംപി ഫണ്ട്: പദ്ധതി നിർവഹണ പുരോഗതി റിപ്പോർട്ട് നൽകാൻ നിർദേശം

ജില്ലാ വികസന സമിതി യോഗം

എംഎൽഎ, എംപി ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതി നിർദേശങ്ങളുടെ നിർവഹണ പുരോഗതി സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ എഡിസി ജനറൽ ഓഫീസിനോടും ജില്ലാ പ്ലാനിംഗ് ഓഫീസിനോടും ജില്ലാ വികസന സമിതി യോഗത്തിൽ കലക്ടർ എസ് ചന്ദ്രശേഖർ നിർദേശിച്ചു. എംപി/എംഎൽഎ പ്രൊപ്പോസൽ നൽകിയ തീയ്യതി, ഫയൽ നിലവിൽ ഏത് വകുപ്പിലാണുള്ളത്, എത്ര ദിവസങ്ങളായി ഫയൽ സമർപ്പിച്ചിട്ട്, എപ്പോഴത്തേക്ക് തീർക്കാൻ പറ്റും എന്നിവ അറിയിക്കണം. എസ്റ്റിമേറ്റ് സമർപ്പിക്കാൻ വൈകുന്നതിനാൽ പദ്ധതികൾക്ക് ഭരണാനുമതി വൈകുന്നു. വകുപ്പുകളുടെ ഏകോപനത്തിനാണ് ജില്ലാ വികസന സമിതി യോഗം വിളിക്കുന്നതെന്ന് കലക്ടർ ചൂണ്ടിക്കാട്ടി.
പ്രതിമാസം നടക്കുന്ന ജില്ലാ വികസനസമിതി യോഗത്തിൽ ജനപ്രതിനിധികൾ ഉന്നയിക്കുന്ന വിവിധ വിഷയങ്ങളിൽ പൂർണമായ പരിഹാരം പലതിലും ഉണ്ടാവുന്നില്ലെന്ന കെ പി മോഹനൻ എംഎൽഎയുടെ വിമർശനം മുൻനിർത്തിയാണ് കലക്ടറുടെ നിർദേശം. അടുത്ത യോഗത്തിന് മുമ്പാകെ ഒരു മറുപടി തയ്യാറാക്കുക എന്നതിൽ കവിഞ്ഞ് വിഷയത്തിൽ വേണ്ടത്ര ഗൗരവം ഉത്തരവാദിത്തപ്പെട്ട ചിലർ പ്രകടിപ്പിക്കുന്നില്ലെന്ന് എംഎൽഎ പറഞ്ഞു. ഒരു വിഷയത്തിൽ വിവിധ വകുപ്പുകളുടെ ഇടപെടൽ വേണ്ടിവരുന്നതിനാലാണ് ജില്ലാ വികസന സമിതി യോഗത്തിൽ ജനപ്രധിനിധികൾ വിഷയം ഉന്നയിക്കുന്നത്. ഞങ്ങളുടെ ഭാഗം പൂർത്തിയായെന്നും അടുത്ത പണി മറ്റൊരു വകുപ്പാണ് ചെയ്യേണ്ടതെന്നുമുള്ള ഒഴുക്കൻ മട്ടിലുള്ള മറുപടിയാണ് പലപ്പോഴും ലഭ്യമാവുന്നത്. എം.എൽ.എ ഫണ്ടിൽ നിന്നുള്ള പ്രവൃത്തികൾക്ക് യഥാസമയം എസ്റ്റിമേറ്റുകൾ സമർപ്പിക്കാത്തതിനാൽ ഭരണാനുമതി വൈകുന്ന കാര്യം കഴിഞ്ഞ യോഗത്തിൽ ഉയർത്തിയെങ്കിലും പതിവ് രീതിയിൽ നിന്നും വലിയ വ്യത്യാസമൊന്നും പറയാൻ കഴിഞ്ഞിട്ടില്ല. ജില്ലാ വികസന സമിതി യോഗത്ത കുറേക്കൂടി ജാഗ്രതയോടെ സമീപിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷനായി. സബ് കലക്ടർ സന്ദീപ് കുമാർ, എഡിഎം കെ കെ ദിവാകരൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പാടിയത്ത്, എംപിമാരുടെയും എംഎൽഎമാരുടെയും പ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

date