Skip to main content

സി വിജിൽ: ഇതുവരെ ലഭിച്ചത് 24 പരാതികൾ

 

കോട്ടയം:  പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനങ്ങൾക്കെതിരെ ജനങ്ങൾക്ക്  പരാതിപ്പെടാവുന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ സി വിജിൽ മൊബൈൽ ആപ്പിലൂടെ ഇതുവരെ ലഭിച്ചത് 24 പരാതികൾ. അനധികൃതമായി പ്രചരണ സാമഗ്രികൾ പതിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളാണ് ഏറെയും. 17 പരാതികളിൽ തുടർ നടപടി സ്വീകരിച്ചു. ഏഴ്  പരാതികൾ അടിസ്ഥാനമില്ലാത്തവയാണെന്ന് കണ്ടെത്തി.
 24 മണിക്കൂറും പ്രവർത്തിക്കുന്ന സി വിജിൽ ജില്ലാ കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതികൾ ഉടൻ തന്നെ പുതുപ്പള്ളിയിലുള്ള സക്വാഡുകൾക്ക് കൈമാറും. ഫ്‌ളയിംഗ്, ആന്റീ ഡീഫേസ്‌മെന്റ്, സ്റ്റാറ്റിക് സർവൈലൻസ് സ്‌ക്വാഡുകളാണ് പരാതിയിൽ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കുന്നത്.  
മദ്യം, ലഹരി, പാരിതോഷികങ്ങൾ എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തൽ, മതസ്പർധയുണ്ടാക്കുന്ന പ്രചാരണ നടപടികൾ, പെയ്ഡ് വാർത്തകൾ, വോട്ടർമാർക്ക് സൗജന്യ യാത്രയൊരുക്കൽ, വ്യാജ വാർത്തകൾ തുടങ്ങി പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയിൽ വരുന്ന ഏതു പ്രവർത്തനങ്ങൾക്കെതിരെയും  സി വിജിൽ ആപ്ലിക്കേഷനിലൂടെ പരാതി നൽകാം.

പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യുന്ന ആപ്ലിക്കേഷൻ മുഖേന  തത്സമയ ചിത്രങ്ങൾ, രണ്ടു മിനിറ്റു വരെ ദൈർഘ്യമുള്ള വീഡിയോകൾ, ശബ്ദരേഖകൾ എന്നിവയും പൊതുജനങ്ങൾക്ക് സമർപ്പിക്കാം. പരാതി ലഭിച്ച് 100 മിനിറ്റിനുള്ളിൽ തുടർ നടപടി സ്വീകരിക്കും.

 

date