Skip to main content
.

മതസൗഹാർദ്ദ അന്തരീക്ഷം നിലനിർത്തുന്നതിൽ ഓണാഘോഷങ്ങൾക്ക് വലിയ പങ്ക്... മന്ത്രി റോഷി അഗസ്റ്റിൻ

കേരളത്തിലെ മതസൗഹാർദ അന്തരീക്ഷം നിലനിർത്തുന്നതിൽ ഓണാഘോഷങ്ങൾക്ക് വലിയ പങ്കാണ് ഉള്ളതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ജില്ലാതല ഓണം ടൂറിസം വാരാഘോഷ സമാപന സമ്മേളനം നെടുങ്കണ്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതര കാഴ്ചപ്പാടുകൾക്ക് ഇടിവുണ്ടാകാതെ സൂക്ഷിക്കാൻ കരുതലോടെ മുന്നോട്ടുപോകേണ്ട സാഹചര്യമാണ് ഉള്ളത്. ഇടുക്കിയെ സംബന്ധിച്ചിടത്തോളം ജില്ല അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാനസർക്കാർ നിയമസഭയിൽ അവതരിപ്പിച്ച ഭൂഭേദഗതി ബിൽ ഓണത്തിന് ലഭിച്ച ഇരട്ടിമധുരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.ആഗസ്റ്റ് 26 മുതൽ 5 നിയോജക മണ്ഡലങ്ങളിലായി നടന്ന ഓണാഘോഷ പരിപാടികൾക്കാണ് സമാപനമായത്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ലേഖ ത്യാഗരാജൻ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ സിനിമ താരം സാജു നവോദയ മുഖ്യതിഥിയായി. പരിപാടിയുടെ സംഘാടകസമിതി വർക്കിംഗ് ചെയർമാൻ എം എസ് മഹേശ്വരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, നിയോജകമണ്ഡലങ്ങളിലെ ഗ്രാമപഞ്ചായത്തുകൾ, മുൻസിപ്പാലിറ്റികൾ, വ്യാപാരി വ്യവസായി സംഘടനകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ അതിവിപുലമായ ഓണാഘോഷ പരിപാടികളാണ് കഴിഞ്ഞ ഒരാഴ്ച കാലം ജില്ലയിലുടനീളം സംഘടിപ്പിച്ചത്. ഉടുമ്പൻചോല മണ്ഡലത്തിലെ ഓണഘോഷത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സംഘടിപ്പിച്ച വർണ്ണാഭമായ സാംസ്കാരിക റാലിയോടെയാണ് ഓണോത്സവം 2023 ന് പരിസമാപ്തിയായത്. ഉടുമ്പൻചോല മണ്ഡലതലത്തിൽ ഓണോത്സവത്തിന്റെ ഭാഗമായി നടത്തിയ അത്തപൂക്കള മത്സരം, അഖില കേരള ഗുസ്തി മത്സരം, വടംവലി തുടങ്ങിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനവിതരണം യോഗത്തിൽ വെച്ച് നടത്തി. സേനാപതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിലോത്തമ സോമൻ, പാമ്പാടുംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റും പ്രസിഡന്റ് ഇൻ ചാർജുമായ സരിതാ രാജേഷ്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി എസ് ലാൽ, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേൽ, നെടുങ്കണ്ടം ബ്ലോക്ക് അംഗം വനജ സജീവ് ലാൽ, നെടുങ്കണ്ടം പഞ്ചായത്ത്‌ അംഗങ്ങളായ ബിന്ദു സഹദേവൻ, നജ്മ സജു, പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് അംഗം ജോസ് തെക്കേക്കൂറ്റ്, നെടുങ്കണ്ടം സിഡിഎസ് ചെയർപേഴ്സൺ ഡെയ്സമ്മ തോമസ്, പാമ്പാടുംപാറ പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ മോളമ്മ സുരേന്ദ്രൻ, നെടുങ്കണ്ടം മുൻ പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് റാണി തോമസ്, ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി സുനിൽ സെബാസ്റ്റ്യൻ, കാർഷിക കടാശ്വാസ കമ്മീഷൻ അംഗം ജോസ് പാലത്തിനാൽ, ആഘോഷ കമ്മിറ്റി കൺവീനർ പി എൻ വിജയൻ, മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി ജെയിംസ് മാത്യു, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ്‌ ഷിജു ഉള്ളിരുപ്പിൽ, ജില്ലാ ട്രഷറർ നൗഷാദ് ആലുംമൂട്ടിൽ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് എം സുകുമാരൻ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ വി സി അനിൽ, കെ ജി ഓമനക്കുട്ടൻ, സിജു നടയ്ക്കൽ, സിബി മൂലേപ്പറമ്പിൽ, സനൽകുമാർ മംഗലശ്ശേരി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷിഹാബ് ഈട്ടിക്കൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date