Skip to main content

ബീറ്റ്സ് പദ്ധതിക്ക് തുടക്കമായി 

 

ഭിന്നശേഷി കുട്ടികളെ നീന്തൽ പഠിപ്പിക്കുന്ന ബീറ്റ്സ് പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ഈസ്റ്റ് നടക്കാവിലെ സ്വിമ്മിംഗ് പൂളിൽ രാവിലെ 8 മുതൽ 9 വരെയാണ് പരിശീലനം. പത്ത് കുട്ടികളാണ് ഒരു ബാച്ചിലുണ്ടാവുക. രണ്ടാഴ്ചയാണ് ഒരു ബാച്ചിന്റെ പരിശീലന കാലാവധി. 

കാഴ്ച പരിമിതരായ കുട്ടികളാണ് പദ്ധതിയുടെ ഒന്നാംഘട്ട ഗുണഭോക്താക്കൾ. മറ്റ് ഭിന്നശേഷി വിഭാഗങ്ങളിലേക്കും അടുത്തഘട്ടത്തിൽ പദ്ധതി വ്യാപിപ്പിക്കും. ധൈര്യവും ആത്മവിശ്വാസവും വളർത്തുന്നതോടൊപ്പം വെള്ളത്തിൽ വീണുള്ള അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാനും നീന്തൽ പഠനത്തിലൂടെ കുട്ടികൾക്ക് സാധിക്കുമെന്ന് ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ.എ.കെ. അബ്ദുൾ ഹക്കീം അറിയിച്ചു. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം സെപ്റ്റംബർ 4 ന് രാവിലെ 8.30 ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി  പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.

ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ഇക്യുബിയിംഗ് ഫൗണ്ടേഷന്റേയും സഹകരണത്തോടെയാണ് സമഗ്രശിക്ഷാ കോഴിക്കോട് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികൾക്ക് യാത്രാസൗകര്യം, പ്രഭാത ഭക്ഷണം എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ പത്ത് ബാച്ചുകളിലായി നൂറ് കുട്ടികളെ നീന്തൽ പരിശീലിപ്പിക്കുന്നതിനുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ഡോ.എ.കെ. അബ്ദുൾ ഹക്കീം അറിയിച്ചു.

date