Skip to main content

വാർദ്ധക്യ കാലത്തെ ഒറ്റപ്പെടലില്ല, ഒത്തുകൂടാനായി വയോജന കേന്ദ്രമുണ്ട് 

 

സമ പ്രായക്കാരുമായി ഒത്തു ചേർന്ന് 
വാർദ്ധക്യ കാലത്തെ ഒറ്റപ്പെടലിൽ നിന്നും മുക്തരാകാം. വയോജനങ്ങൾക്കായി 
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജന കേന്ദ്രം ആരംഭിച്ചു. ടി.പി രാമകൃഷ്ണൻ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായാണ് എരവട്ടൂരിലെ പൗരമന്ദിരത്തിൽ വയോജന കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. ലൈബ്രറി സംവിധാനം, റിക്രിയേഷൻ സൗകര്യങ്ങൾ, കുടി വെള്ളം, വിശ്രമ സൗകര്യങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, ടി.വി ഉൾപ്പെടെ മറ്റു അനുബന്ധ സംവിധാനങ്ങൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. കേന്ദ്രത്തിലേക്ക് സീനിയർ സിറ്റിസൺസ് ഫോറത്തിനു വേണ്ടി കെ.എം ശ്രീധരൻ വീൽ ചെയർ സംഭാവനയായി നൽകി.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിസന്റ് എൻ.പി. ബാബു അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് മുഖ്യാതിഥിയായി. ഇന്തോനേഷ്യയിൽ നടക്കുന്ന വേൾഡ് കരാട്ടെ ടൂർണമെന്റിൽ പങ്കെടുക്കുന്ന മുഹമ്മദ് തെൻസീഹിനെ ചടങ്ങിൽ ആദരിച്ചു. ഐസിഡിഎസ് ചെയർപേഴ്സൺ കെ ദീപ റിപ്പോർട്ട് അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.കെ രജിത, ശശികുമാർ പേരാമ്പ്ര, ബ്ലോക്ക് അംഗങ്ങളായ കെ.കെ ലിസി, വിനോദൻ, വഹീദ പാറേമൽ, ബിഡിഒ പി കാദർ ഗ്രാമപഞ്ചായത്ത്  അംഗങ്ങൾ, സ്വാഗത സംഘം കൺവീനർ രവീന്ദ്രൻ കെ.വി രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് വയോജനങ്ങൾക്കുള്ള മൊബൈൽ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

date