Skip to main content

ദുരിതബാധിതര്‍ക്ക് 13,000 കിറ്റുകള്‍ വിതരണം ചെയ്തു

 

ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്കു മടങ്ങുന്ന കുടുംബങ്ങള്‍ക്കുള്ള അവശ്യസാധനങ്ങള്‍ അടങ്ങിയ 13,000 ടേക്ക് ഹോം കിറ്റുകള്‍ വിതരണം ചെയ്‌തെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. കിറ്റ് തയാറാക്കുന്ന പ്രവര്‍ത്തനം പ്രമാടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പുകളില്‍ താമസിച്ചവര്‍ക്കും ഇവിടേക്ക് എത്താതെ വീടുകളുടെ മുകള്‍ നിലയില്‍ താമസിച്ചവര്‍ക്കും 22 അവശ്യസാധനങ്ങള്‍ അടങ്ങിയ ടേക്ക് ഹോം കിറ്റ് നല്‍കണമെന്ന് സര്‍ക്കാരിന്റെ നിര്‍ദേശം ഉണ്ടായിരുന്നു. 

ആറായിരത്തോളം കിറ്റുകള്‍ വിതരണത്തിനായി തയാറാക്കിയിട്ടുണ്ട്. ഇന്നു(29) വൈകുന്നേരത്തോടെ ക്യാമ്പുകളില്‍ നിന്നു മടങ്ങിയവരുടെ കൈവശം എത്തിയ കിറ്റുകളുടെ എണ്ണം 23,000 എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രമാടത്തെ പായ്ക്കിംഗ് കേന്ദ്രത്തില്‍ പ്രതിദിനം 6000 കിറ്റുകളും തിരുവല്ലയിലെ പായ്ക്കിംഗ് കേന്ദ്രത്തില്‍ 5000 കിറ്റുകളും പായ്ക്കു ചെയ്യാന്‍ കഴിയുന്നുണ്ട്. വരുന്ന രണ്ടു ദിവസത്തിനുള്ളില്‍ പ്രളയബാധിതരായ എല്ലാ കുടുംബങ്ങള്‍ക്കും കിറ്റുകള്‍ നല്‍കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ക്യാമ്പുകളില്‍ എത്താതെ വീടുകള്‍ ക്യാമ്പായി താമസിച്ചവരെ കണ്ടെത്തി അവര്‍ക്കു കൂടി കിറ്റ് നല്‍കാന്‍ നിര്‍ദേശമുണ്ട്. പ്രളയ ബാധിതരാണെന്ന് കണ്ടെത്തിയവര്‍ക്കെല്ലാം കിറ്റ് നല്‍കുന്നതിനുള്ള സംവിധാനം തയാറാക്കിയിട്ടുണ്ട്. ഇന്നത്തെ (29) കണക്കു പ്രകാരം 24 ക്യാമ്പുകളാണുള്ളത്. 645 കുടുംബങ്ങളിലായി 2535 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. മൂന്നോ, നാലോ ദിവസത്തിനുള്ളില്‍ ഈ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക്  വീടുകളിലേക്കു മടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നു. 

date