Skip to main content
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നവകേരളം കര്‍മ്മ പദ്ധതി - രണ്ട് ജില്ലാ മിഷന്‍ അവലോകന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ സംസാരിക്കുന്നു.

നവകേരളം കര്‍മ്മ പദ്ധതി - രണ്ട്; അവലോകന യോഗം നടന്നു

നവകേരളം കര്‍മ്മ പദ്ധതി - രണ്ട് ജില്ലാ മിഷന്‍ അവലോകന യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.  നവകേരളം കര്‍മ്മ പദ്ധതിയുടെ പുരോഗതിക്ക് വകുപ്പുകള്‍ ഇടപെടല്‍ ശക്തമാക്കണമെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായ വിദ്യാകിരണം, ഹരിത കേരളം, ആര്‍ദ്രം, ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി.
വിദ്യാകിരണം പദ്ധതിയില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 5 കോടിയില്‍ ഉള്‍പ്പെട്ട അഞ്ച് സ്‌കൂളുകളും മൂന്ന് കോടിയില്‍ ഉള്‍പ്പെട്ട അഞ്ച് സ്‌കൂളുകളും ഒരു കോടിയില്‍ ഉള്‍പ്പെട്ട ഒരു സ്‌കൂളിന്റെയും നിര്‍മ്മാണം പൂര്‍ത്തികരിച്ചു. ഹരിത കേരളം മിഷന്റെ പ്രവര്‍ത്തന മേഖലയായ ജലസംരക്ഷണം, ശുചിത്വമാലിന്യ സംസ്‌കരണം, കൃഷി-പരിസ്ഥിതി പുനസ്ഥാപന പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജലസംരക്ഷണത്തിന്റെ ഭാഗമായുള്ള ജലബജറ്റിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ റാന്നി ബ്ലോക്കില്‍ നവംബര്‍ ഒന്നിന് ആരംഭിക്കും. സെപ്റ്റംബര്‍ 28 ന് മുന്‍പ് ഇതിനായുള്ള വിവരശേഖരണം പൂര്‍ത്തീകരിക്കും. ഇനി ഞാന്‍ ഒഴുകട്ടെ കാമ്പയിന്റെ രണ്ടാംഘട്ടത്തില്‍ 36 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി 174 നീര്‍ചാലുകള്‍ പുനരുജീവിപ്പിക്കുകയും ഒന്നും രണ്ടും ഘട്ടത്തിലുള്ള എല്ലാ നീര്‍ചാലുകളുടെയും സംരക്ഷണ ഭിത്തികള്‍ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തുകയും ചെയ്തു. ജില്ലയില്‍ മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ക്കായി തിരഞ്ഞെടുത്ത 16 ഗ്രാമപഞ്ചായത്തുകളില്‍ ഒന്‍പത് പഞ്ചായത്തുകളില്‍ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു. ജല ഗുണനിലവാര ലാബുകള്‍ സ്ഥാപിക്കുന്നതിന് 57 സ്‌കൂളുകളും ഗവി, അടവി ഇക്കോ ടൂറിസം, കോന്നി ആനക്കൂട്, പെരുന്തേനരുവി എന്നിവ ഹരിതവിനോദ സഞ്ചാര കേന്ദ്രങ്ങളായും തിരഞ്ഞെടുത്തു. ശുചിത്വ മാലിന്യ സംസ്‌കരണത്തില്‍ യൂസര്‍ഫീ ഇനത്തില്‍ വീടുകളിലും സ്ഥാപനങ്ങളില്‍ നിന്നുമായി ആഗസ്റ്റ് മാസം 58,42,432 രൂപ ലഭിച്ചു. ജില്ലയിലെ എല്ലാ ബ്ലോക്കിലെയും ഒരോ സ്‌കൂളുകള്‍ വീതം ഹരിതവിദ്യാലയമായി പ്രഖ്യാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ജൈവ പരിസ്ഥിതി സംരക്ഷണത്തിനായി നടത്തുന്ന പച്ചതുരുത്ത് പദ്ധതിയുടെ  പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തികരിക്കുന്നതിനുമുള്ള  നടപടികളും യോഗം വിലയിരുത്തി.
ലൈഫ്മിഷന്‍ പദ്ധതിയിലെ ഒന്നാംഘട്ടത്തില്‍ 1176ഉം രണ്ടാംഘട്ടത്തില്‍ 2042ഉം, മൂന്നാംഘട്ടത്തില്‍ 831  ഭവനങ്ങളും എസ് സി, എസ് ടി, മത്സ്യതൊഴിലാളി വിഭാഗത്തിന് 1064  ഭവനങ്ങളും  പൂര്‍ത്തികരിച്ചതായി യോഗത്തില്‍ ലൈഫ് മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പറഞ്ഞു.  പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആക്കുന്നതുള്‍പ്പെടെയുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി.
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, എഡിഎം ബി രാധകൃഷ്ണന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ.എസ് മായ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date