Skip to main content

തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ സ്ത്രീകള്‍ ജാഗ്രത പുലര്‍ത്തണം: വനിത കമ്മിഷന്‍

സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചു നടത്തുന്ന തൊഴില്‍ തട്ടിപ്പുകളുടെ ചതിക്കുഴികള്‍ക്കെതിരെ സ്ത്രീകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ നടത്തിയ അദാലത്തിന്റെ രണ്ടാം ദിവസത്തെ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അധ്യക്ഷ. തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ സ്ത്രീകള്‍ തന്നെ ശ്രമിക്കണം. തൊഴില്‍ തട്ടിപ്പുകള്‍ പ്രധാനമായും നടക്കുന്നത്  സ്ത്രീകളെ ലക്ഷ്യമിട്ടാണ്.
തൊഴില്‍ വാഗ്ദാനങ്ങള്‍ ലഭിക്കുമ്പോള്‍ കൃത്യമായി കാര്യങ്ങള്‍ മനസിലാക്കണം. തെറ്റായ തൊഴില്‍ വാഗ്ദാനങ്ങളില്‍ അകപ്പെട്ട് വിദേശ രാജ്യങ്ങളിലേക്ക് കൊണ്ടുപോയി ചതിക്കപ്പെടുന്നത് ഒഴിവാക്കുന്നതിന് ജാഗ്രത പുലര്‍ത്തണം. ഫോണിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ലഭിക്കുന്ന തൊഴില്‍ വാഗ്ദാനങ്ങള്‍ വിശ്വസിച്ച് പരിചയം ഒന്നും ഇല്ലാത്ത ആളുടെ പിന്നാലെ പോയി ചതിക്കപ്പെടുകയാണ്. ഇങ്ങനെയുള്ള തട്ടിപ്പുകളെ ഗൗരവത്തോടെയാണ് കമ്മിഷന്‍ കാണുന്നത്. വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഇത്തരം ചതിക്കുഴികളില്‍ പെടുന്നുണ്ട്. ഇങ്ങനെ ചതിക്കപ്പെട്ട ശേഷം തെളിയിക്കുന്നതിന് കഴിയാത്ത സ്ഥിതിയുണ്ട്. സിനിമ - സീരിയല്‍ മേഖലയില്‍ ജോലി വാഗ്ദാനം ചെയ്ത ശേഷം തൊഴില്‍ നല്‍കാതെ പണം തട്ടിയെന്ന പരാതിയും സിറ്റിംഗില്‍ പരിഗണനയ്ക്കു വന്നു. അസംഘടിത തൊഴില്‍ മേഖലയില്‍ ഗൗരവമായ പ്രശ്‌നങ്ങളുണ്ട്. തൊഴില്‍ സുരക്ഷ എന്നത് അസംഘടിത മേഖലയില്‍ ഇല്ലെന്നും കമ്മിഷന്‍ വിലയിരുത്തി. പണത്തോടുള്ള ആര്‍ത്തി വര്‍ധിക്കുന്ന രീതിയില്‍ സമൂഹം മാറുന്ന സ്ഥിതിയുണ്ട്. തിരുവനന്തപുരം ജില്ലയില്‍ വിവാഹത്തോട് അനുബന്ധിച്ച് ആഭരണവും പണവും നല്‍കുന്നതോടൊപ്പം ഭൂസ്വത്തുക്കള്‍ ഉള്‍പ്പെടെ വരന്റെ പേരില്‍ നല്‍കുന്ന സ്ഥിതിയുണ്ട്. വിവാഹം കഴിഞ്ഞ് ചുരുങ്ങിയ കാലയളവിനുള്ളില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കും. വിവാഹ സമ്മാനമായി നല്‍കിയവ മതിയായ തെളിവില്ലാത്തതിനാല്‍ പരാതി നല്‍കിയാലും തിരികെ ലഭിക്കാത്ത സാഹചര്യമുണ്ട്. സങ്കീര്‍ണമായ കുടുംബ പശ്ചാത്തലം രൂപപ്പെട്ടു വരുന്നു എന്നത് ഗൗരവത്തോടെ കാണേണ്ട സാഹചര്യമുണ്ട്. വിവാഹത്തോടെ മാതാപിതാക്കളെ ഒഴിവാക്കുന്ന പ്രവണതയും ഉണ്ട്. ഒറ്റ മകന്‍ വിവാഹ ശേഷം അമ്മയെ ഒഴിവാക്കി ഭാര്യയ്‌ക്കൊപ്പം ജീവിക്കുന്നു എന്ന പരാതിയും കമ്മിഷന്റെ പരിഗണനയ്ക്കു വന്നു. തിരുവനന്തപുരം റൂറല്‍ മേഖലയില്‍ നിന്നുള്ള പരാതികളാണ് അദാലത്തിന്റെ രണ്ടാം ദിവസം പരിഗണിച്ചത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ കമ്മിഷനു ലഭിക്കുന്നത് തിരുവനന്തപുരം റൂറല്‍ മേഖലയില്‍ നിന്നാണ്. അദാലത്തിന് എത്തിയതില്‍ കൂടുതലും കുടുംബ പ്രശ്‌നങ്ങളാണ്. ഭാര്യ, ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ വളരെ സങ്കീര്‍ണമായി മാറുകയാണെന്നും കമ്മിഷന്‍ വിലയിരുത്തി. അദാലത്തിന്റെ രണ്ടാം ദിവസം 250 കേസുകള്‍ പരിഗണിച്ചു. ഇതില്‍ 25 എണ്ണം തീര്‍പ്പാക്കി. ഏഴെണ്ണം റിപ്പോര്‍ട്ടിനായും ഒരെണ്ണം കൗണ്‍സിലിംഗിനായും അയച്ചു. ബാക്കി പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. മെമ്പര്‍മാരായ അഡ്വ ഇന്ദിര രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി എന്നിവര്‍ പരാതികള്‍ തീര്‍പ്പാക്കി. ഡയറക്ടര്‍ ഷാജി സുഗുണന്‍, സിഐ ജോസ് കുര്യന്‍, എസ് ഐ അനിത റാണി, അഡ്വക്കറ്റുമാരായ രജിതാ റാണി, അഥീന, അശ്വതി, സിന്ധു, സൂര്യ, കൗണ്‍സിലര്‍ രേഷ്മ തുടങ്ങിയവര്‍ സിറ്റിംഗില്‍ പങ്കെടുത്തു.

date