Skip to main content

അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയിലൂടെ മുഖംമിനുക്കാനൊരുങ്ങി ഉളവയ്പ് കോളനി

ആലപ്പുഴ: അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയിലൂടെ മുഖം മിനുക്കാനൊരുങ്ങി തൈക്കാട്ടുശ്ശേരി  ഗ്രാമപഞ്ചായത്തിലെ ഉളവയ്പ് കോളനി. ദലീമ ജോജോ എം.എല്‍.എ. നിര്‍ദേശിച്ചത് പ്രകാരമാണ് അരൂര്‍ മണ്ഡലത്തിലെ പട്ടികജാതി കോളനികളില്‍ ഒന്നായ ഉളവയ്പ്പില്‍ ഒരു കോടി രൂപ ചെലവിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.  

സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 
കോളനിവാസികളുടെ വീടുകള്‍ നേരിട്ടു സന്ദര്‍ശിച്ച് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടിയ ശേഷമാണ് കോളനിയിലേക്ക് പുതിയ സഞ്ചാര പാത ഒരുക്കുന്നത്. മൂന്ന് പ്രധാന റോഡുകളും  കള്‍വര്‍ട്ടുമാണ് നിര്‍മ്മിക്കുന്നത്. 75 ഓളം കുടുംബങ്ങളുള്ള കോളനിയില്‍ ദീര്‍ഘനാളായി നേരിട്ടിരുന്ന യാത്ര പ്രശ്‌നങ്ങള്‍ക്ക് ഇതോടെ പരിഹാരമാകും.

അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയിലൂടെ കോളനി നിവാസികളുടെ അടിസ്ഥാന ആവശ്യമായ റോഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ കോളനി വികസനത്തിനൊപ്പം ജനങ്ങളുടെ ജീവിത സാഹചര്യവും കൂടുതല്‍ മെച്ചപ്പെടുമെന്ന് ദലീമ ജോജോ എം.എല്‍.എ. പറഞ്ഞു. 

വികസന പ്രവൃത്തികളുടെ ഉദ്ഘാടനം 16-ന് രാവിലെ 10-ന് തൈക്കാട്ടുശ്ശേരി ദണ്ഡപാണിപുരം ക്ഷേത്ര പരിസരത്ത് ദലീമ ജോജോ എം.എല്‍.എ. നിര്‍വഹിക്കും. തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംഭരന്‍ അധ്യക്ഷത വഹിക്കും. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍. രജിത മുഖ്യാതിഥിയാകും. ജനപ്രതിനിധികള്‍, സമിതി ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

date