Skip to main content

നിപ വൈറസ് പ്രതിരോധത്തിന് മുന്നൊരുക്കങ്ങൾ ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പ്

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിപ സംശയിക്കുന്ന വ്യക്തി  ചികിത്സയിലിരിക്കുന്ന  സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.  രേണുക അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം പ്രതിരോധത്തിന് വേണ്ടിയുള്ള എല്ലാ മുന്നൊരുക്കങ്ങളും ജില്ലയിൽ തയ്യാറായതായും  ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മഞ്ചേരിയിൽ  നിരീക്ഷണത്തിലിരിക്കുന്ന വ്യക്തിയുടെ സ്രവസാമ്പിൾ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ചിട്ടുണ്ട്.  കോഴിക്കോട് ജില്ലയിലെ നിപ സ്ഥിരീകരിച്ച വ്യക്തികളുടെ സമ്പർക്ക പട്ടികയിൽ മലപ്പുറം ജില്ലയിൽ നിന്ന് ആരും ഉൾപ്പെട്ടിട്ടില്ല.

രോഗം സംശയിക്കുന്നവരെ ഐസൊലേഷൻ ചെയ്യുന്നതിനും സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുന്നതിനും പ്രത്യേക സംവിധാനങ്ങൾ, ഐസൊലേഷൻ മുറികൾ എന്നിവ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തയ്യാറാക്കിയിട്ടുണ്ട്. സ്വാകാര്യ ആശുപത്രികളിൽ നിപ ലക്ഷണങ്ങൾ കാണിക്കുന്ന രോഗികളെ അവിടെ തന്നെ ഐസൊലേഷൻ ഇരിക്കുന്നതിനും സ്രവസാമ്പിൾ അവിടെ നിന്ന് തന്നെ ശേഖരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബിലേക്ക് അയക്കുന്നതിനും നിർദ്ദേശം നൽകി.  സംശയാസ്പദമായ രോഗികളെ കൊണ്ടുപോകുന്നതിനായി പ്രത്യേകം തയ്യാറാക്കിയ 108 ആംബുലൻസ് ഏർപ്പെടുത്തി. രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് രോഗികളെ പരിചരിക്കുന്നതിന് ആവശ്യമായ  വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും മറ്റ് സംവിധാനങ്ങളും തയ്യാറാക്കിയിട്ടുണ്ട്.  

രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്‍റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയുടെ  സഹകരണത്തോടെ പ്രത്യേക സബ് കമ്മിറ്റി രൂപീകരിക്കുകയും  പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തിട്ടുണ്ട്.  നിപ അസുഖത്തെകുറിച്ചുള്ള   പൊതുജനങ്ങളുടെ  സംശയനിവാരണം നടത്തുന്നതിനായി  ജില്ലാ മെഡിക്കൽ ഓഫീസിന്‍റെ നേതൃത്വത്തിൽ  0483 2734066 എന്ന നമ്പറിൽ കൺട്രോൾ സെൽ പ്രവർത്തനം ആരംഭിച്ചു.  രോഗം സംശയിക്കുന്നവർക്കും സമ്പർക്കപട്ടികയിൽ ഇരിക്കുന്നവർക്കും  മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനു  7593843625 എന്ന ഫോൺ നമ്പറിൽ  ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ കൗൺസിലിംഗ് സേവനവും ഉറപ്പാക്കിയിട്ടുണ്ട്.

രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ജില്ലയിലെ മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും  മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയുടെ നേതൃത്വത്തിൽ പരിശീലനം നൽകി. നിപ നിരീക്ഷണം ശക്തമാകുന്നതിനായി സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗം വിളിക്കുകയും നിപ നിയന്ത്രിക്കുന്നതിനായി പരിശീലനം നൽകുകയും ചെയ്തു.
 
പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ:
 
- മറ്റുള്ളവരുമായി ഇടപെടുന്ന സമയത്ത് കൃത്യമായി എൻ 95 മാസ്‌ക്  ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക.

- തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും മറക്കുക
 
- കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
 
- പനിയുടെ ലക്ഷണങ്ങൾ ഉള്ള എല്ലാവരും, പ്രത്യേകിച്ച് പനിയോടൊപ്പം തലവേദന,  ഛർദി, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങൾ എന്നിവ ഉണ്ടെങ്കിൽ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടണം.
 
- ലക്ഷണങ്ങളുള്ളവരെ പരിചരിക്കുന്നവർ എൻ 95 മാസ്‌ക് ധരിക്കണം.

- രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്നും രോഗബാധിതരിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കുക.

- രോഗിയെ പരിചരിക്കുന്നവർ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക.

-  രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും  അണുവിമുക്തമാക്കുകയും ചെയ്യുക.

- നിപ ലക്ഷണങ്ങളുള്ളവർ കുടുംബാംഗങ്ങളും പൊതുജനങ്ങളുമായുമുള്ള സമ്പർക്കം ഒഴിവാക്കുകയും പനി മാറുന്നതുവരെ പരിപൂർണ്ണ വിശ്രമം എടുക്കുകയും ചെയ്യുക.

 - നിലത്ത് വീണു കിടക്കുന്നതും പക്ഷിമൃഗാദികൾ കടിച്ചതുമായ  പഴങ്ങളും മറ്റു ഭക്ഷണപദാർത്ഥങ്ങളും പഴങ്ങളും ഉപയോഗിക്കരുത്.

- വവ്വാലുകൾ കാണപ്പെടുന്ന പ്രദേശങ്ങളിൽ തെങ്ങ്, പന എന്നിവയിൽ നിന്നും ശേഖരിക്കുന്ന കള്ള് ഉപയോഗിക്കരുത്.

- വവ്വാലുകൾ വസിക്കുന്ന സ്ഥലങ്ങളിൽ പോകുകയോ അവയെ ശല്യപ്പെടുത്തുകയോ ചെയ്യരുത്.

- പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക.

- പനിയുള്ളപ്പോൾ ശരിയായി വിശ്രമിക്കുകയും കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, നാരങ്ങ വെള്ളം മുതലായ പാനീയങ്ങൾ ധാരാളം കുടിക്കുകയും ചെയ്യുക.

date