Skip to main content
ഇന്ത്യൻ സ്വച്ഛതാ ലീഗ് സീസൺ -2 ശുചിത്വ ക്യാമ്പയിന് തുടക്കമിട്ട് പയ്യന്നൂർ നഗരസഭയിൽ നടന്ന മനുഷ്യ ശൃംഖല കാപ്പാട് തണൽ ഇക്കോ പാർക്കിൽ നഗരസഭ അധ്യക്ഷ കെ വി ലളിത ഉദ്ഘാടനം ചെയ്യുന്നു

ഇന്ത്യൻ സ്വച്ഛതാ ലീഗ് സീസൺ 2 ശുചിത്വ ക്യാമ്പയിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി

നാടും നഗരവും ശുചിത്വസുന്ദരമാക്കാനുള്ള ഇന്ത്യൻ സ്വച്ഛതാ ലീഗ് സീസൺ 2 ശുചിത്വ ക്യാമ്പയിന് പയ്യന്നൂർ നഗരസഭയിൽ  തുടക്കമായി. വിദ്യാർഥികൾ, ജനപ്രതിനിധികൾ, ചിത്രകാരൻമാർ, കുടുംബശ്രീ- ഹരിതകർമ്മസേന, ശുചീകരണ തൊഴിലാളികൾ സന്നദ്ധസംഘടന പ്രതിനിധികൾ തുടങ്ങിയവർ മനുഷ്യശൃംഖല തീർത്ത് പ്രതിജ്ഞ ചൊല്ലിയാണ് ക്യാമ്പയിന് തുടക്കമിട്ടത്. പരിപാടികളുടെ ഉദ്ഘാടനം കാപ്പാട് തണൽ ഇക്കോ പാർക്കിൽ നഗരസഭ ചെയർപേഴ്സൺ കെ വി ലളിത നിർവ്വഹിച്ചു.
ക്യാമ്പയിന്റെ ഭാഗമായി  സെപ്റ്റംബർ 16 ന് പഴയ ബസ്റ്റാന്റ് പരിസരം ശുചീകരണം, ഫ്ളാഷ്മോബ്, 17 ന് രാവിലെ കവ്വായി കായൽ തീരത്തേക്ക് ശുചിത്വ സന്ദേശ റാലി, ശുചീകരണം എന്നിവ നടക്കും. ശില്പി ഉണ്ണി കാനായിയുടെ നേതൃത്വത്തിൽ ശുചിത്വശില്പവും ഒരുക്കും. 19ന് ശുചീകരണ-ഹരിത കർമ്മ സേന അംഗങ്ങൾക്ക് ആരോഗ്യ പരിശോധന സംഘടിപ്പിക്കും, ഒക്ടോബർ ഒന്ന്, രണ്ട് തിയ്യതികളിലായി ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ എക്സിബിഷൻ, തൊഴിലാളികൾക്കുള്ള ആദരം എന്നിവയും സംഘടിപ്പിക്കും.
ഉദ്ഘാടനത്തോനുബന്ധിച്ച് നടന്ന ചിത്രകാര സംഗമം ചിത്രകാരൻ പ്രകാശൻ പുത്തൂർ ശുചിത്വ സന്ദേശ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ചിത്രകാരന്മാരായ ഉണ്ണി കാനായി, കലേഷ് കലാലയ കലേഷ് കല, സുഭാഷിനി സതീഷ് ചെന്നെ, കെ യു രാധാകൃഷ്ണൻ, പി ലതീഷ്, അനീഷ്‌കുമാർ, എന്നിവർക്കൊപ്പം വിദ്യാർഥികളും ചിത്രം വരച്ചു. നഗരസഭ വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സി ജയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്ഥിരം സമിതി  അധ്യക്ഷരായ വി ബാലൻ, വി വി സജിത, ടി വിശ്വനാഥൻ, ടി പി സെമീറ, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പി ലീല, നഗരസഭ ക്ലീൻ സിറ്റി മാനേജർ എ വി മധുസൂദനൻ, ശുചിത്വമിഷൻ പ്രതിനിധി ടി വി അനുശ്രീ എന്നിവർ സംസാരിച്ചു.

date