Skip to main content
വണ്‍ ടേബിള്‍ വണ്‍ ചെയര്‍ പദ്ധതി

വണ്‍ ടേബിള്‍ വണ്‍ ചെയര്‍ പദ്ധതി

ആലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ വണ്‍ ടേബിള്‍ വണ്‍ ചെയര്‍ പദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഗവ. ജെ.ബി. സ്‌കൂളില്‍ എച്ച്. സലാം എം.എല്‍.എ. നിര്‍വഹിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്താനായി പഞ്ചായത്തിലെ എല്ലാ സര്‍ക്കാര്‍ സ്‌കുളുകളിലും ആധുനിക മേശയും കസേരയും നല്‍കുന്നതാണ് പദ്ധതി. 

ഒരു പഞ്ചായത്തിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലെയും മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കുമായി വണ്‍ ടേബിള്‍ വണ്‍ ചെയര്‍ പദ്ധതി പൂര്‍ത്തിയാക്കുന്ന സംസ്ഥാനത്തെ ആദ്യ പഞ്ചായത്താണ് പുന്നപ്ര തെക്ക്. 73.61 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. സംസ്ഥാനത്ത് ആദ്യമായി സര്‍ക്കാര്‍ എല്‍.പി., യു.പി. സ്‌കൂളുകളില്‍ വണ്‍ ടേബിള്‍ വണ്‍ ചെയര്‍ പദ്ധതി ആരംഭിച്ചതും ഇവിടെയാണ്. 

ഗവ.സി.വൈ.എം.എ. യു.പി. സ്‌കൂളില്‍ 61 മേശയും കസേരയും, ഗവ. ജെ.ബി. സ്‌കൂളില്‍ 599, ഗവ. മുസ്ലീം എല്‍.പി. സ്‌കൂളില്‍ 206 എന്നിങ്ങനെയാണ് നല്‍കിയത്. സ്‌കൂളുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും (866 പേര്‍ക്ക്) ഈ സൗകര്യം നല്‍കി. അധ്യാപകര്‍ക്കും പ്രത്യേകം മേശയും കസേരയും ഒരുക്കിയിട്ടുണ്ട്. 2020-21ലാണ് പദ്ധതി ആരംഭിച്ചത്. പൊതുജന പങ്കാളിത്തത്തോടെ പഞ്ചായത്തിലെ മറ്റു സ്‌കൂളുകളിലും കുട്ടികള്‍ക്കായി മേശയും കസേരയും ഒരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
 
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, എല്‍.എസ്.ജി.ഡി. ജോയിന്റ് ഡയറക്ടര്‍ ബൈജു ജോസ്, അസി. ഡയറക്ടര്‍ സി.കെ. ഷിബു, എ.ഇ.ഒ. എം.കെ. ശോഭന, ഹോമിയോ ഡോ. ഫാത്തിമ, വെറ്റിനറി സര്‍ജന്‍ ഡോ. സനൂജ, പുന്നപ്ര എസ്.എച്ച്.ഒ. ലൈസാദ് മുഹമ്മദ്, ഗവ.ജെ.ബി.എസ്. എസ്.എം.സി. ചെയര്‍മാന്‍ എസ്. രതീഷ്, എച്ച്.എം. അനിത ആര്‍. പണിക്കര്‍, എം.എം. അഹമ്മദ് കബീര്‍, എന്‍.കെ. ബിജുമോന്‍, സുലഭ ഷാജി, എം. ഷീജ, സതി രമേശന്‍, ജെ. സിന്ധു, വി.എം. സജി, ലിന്‍സി തോമസ്, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date