Skip to main content

നിപ പ്രതിരോധം: വനം വകുപ്പിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ പ്രത്യേക സമിതി 

 

ജില്ലയിൽ നിപ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ വനം വകുപ്പിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിച്ചതായി വനം വന്യ ജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം ഉള്ളതായി പഠനങ്ങൾ തെളിയിച്ച സാഹചര്യത്തിൽ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള ജീവികളായതിനാൽ വവ്വാലുകളെ പിടികൂടുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സമയബന്ധിതമായ ഇടപെടലുകൾ ആവശ്യമാണ്. വവ്വാലുകളെ കുറിച്ചുള്ള ഗവേഷണം നടത്തിയ ശാസ്ത്രജ്ഞൻമാരുടേയും വെറ്റിനറി ഡോക്ടർമാരുടേയും ഉപദേശവും ഇക്കാര്യത്തിൽ ആവശ്യമുള്ളതാണ്. ഇത്തരം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനാണ് പ്രത്യേക കമ്മിറ്റി രൂപീകരിച്ചതെന്നും മന്ത്രി അറിയിച്ചു.    

ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പുമായി സമ്പർക്കം പുലർത്തുക, വനം വകുപ്പിന്റെ ഭാഗത്തു നിന്നും ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ഉറപ്പാക്കുക, വവ്വാലുകളെ പിടിക്കുന്നതും പരിശോധനക്ക് അയക്കുന്നതും സംബന്ധിച്ച എല്ലാ അനുമതികളും ഉടനടി ലഭ്യമാക്കാൻ സഹായിക്കുക, വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരാനുള്ള സാധ്യതകൾ ഒഴിവാക്കുന്നതിന് വേണ്ട കാര്യങ്ങളെക്കുറിച്ച് വിദഗ്‌ദ്ധോപദേശം നൽകുക, പല ഇനം വവ്വാലുകളുടെ ഭക്ഷണ രീതികളെ കുറിച്ചും, മനുഷ്യനുമായി നേരിട്ടോ അല്ലാതെയോ സമ്പർക്കം വരാതെ സൂക്ഷിക്കാനുളള നടപടികളെ കുറിച്ച് വിദഗ്‌ദ്ധോപദേശം ലഭ്യമാക്കുക എന്നിവയാണ് കമ്മിറ്റിയുടെ ചുമതലകൾ.

നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ദീപ കെ.എസ് ചീഫ് കോർഡിനേറ്ററായാണ് കമ്മിറ്റി രൂപീകരിച്ചത്. ഐ ആൻഡ് ഇ കോഴിക്കോട് ഫോറസ്റ്റ്‌സ് കൺസർവേറ്റർ നരേന്ദ്രബാബു, ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ.അരുൺ സക്കറിയ, കോളേജ് ഓഫ് ക്ലൈമറ്റ് ചേയ്ഞ്ച് ആന്റ് എൻവിറോൺമെന്റൽ ഡീൻ പി.ഒ. നമീർ , കോഴിക്കോട്  ഡി.എഫ്.ഒ ലത്തീഫ്, ഫോറസ്റ്റ് അസിസ്റ്റന്റ് കൺസർവേറ്റർ ജോഷിൽ, വയനാട് അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അജേഷ് മോഹൻദാസ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് രൂപീകരിച്ചത്.

date