Skip to main content

കാര്‍ഷിക മേഖലയെ തിരിച്ചു പിടിക്കാന്‍  കര്‍ഷകര്‍ക്കൊപ്പം കൃഷിവകുപ്പും

ജില്ലയില്‍ പ്രകൃതിദുരന്തത്തില്‍ കാര്‍ഷികമേഖലക്ക് സംഭവിച്ചത് കനത്ത നാശ നഷ്ടമാണ്. ആഗസ്ത് 23 വരെയുള്ള പ്രാഥമിക കണക്കുകള്‍ പ്രകാരം 19.51 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നാശനഷ്ടങ്ങളുടെ അന്തിമ കണക്കുകള്‍ തയ്യാറാക്കികൊണ്ടിരിക്കുകയാണ്. കാര്‍ഷികവൃത്തിക്ക് പ്രാധാന്യമുള്ള കൊടുവള്ളി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തുകളെയാണ് ദുരന്തം ഏറെ ബാധിച്ചികരിക്കുന്നത്. തെങ്ങ്,വാഴ,നെല്ല്,കവുങ്ങ്,റബ്ബര്‍,ജാതി എന്നീ വിളകള്‍ക്ക് കാര്യമായ നാശ നഷ്ടം സംഭവിച്ചിട്ടുണ്ട്. 12308 തെങ്ങ്, 768503 വാഴ,11790 കവുങ്ങ് ,550 കൊക്കോ,7839 റബ്ബര്‍,1341ജാതി, 65 ഗ്രാമ്പൂ,100 കശുമാവ്,5555 കുരുമുളക്, 119 ഹെക്ടര്‍ നെല്ല് 35.28 ഹെക്ടര്‍ കപ്പ,4.2 ഹെക്ടര്‍ പച്ചക്കറി എന്നിങ്ങനെയാണ് നഷ്ടമായ വിളകളുടെ പ്രാഥമിക കണക്കുകള്‍. 860.68 ഹെക്ടര്‍ കൃഷിഭൂമിയിലെ വിളകളാണ്  ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും കാരണം നഷ്ടമായത്. 7277 കര്‍ഷകരാണ് ഇതെതുടര്‍ന്ന് ദുരിതത്തിലായിരിക്കുന്നത്. 
 നാശനഷ്ടങ്ങള്‍ ബ്ലോക്ക് തലത്തില്‍ വിലയിരുത്തിയശേഷം പ്രാഥമിക  റിപ്പോര്‍ട്ട് ജില്ലാകൃഷി വകുപ്പ് ഇതിനോടകം തയ്യാറാക്കി കഴിഞ്ഞു. ഇതു പ്രകാരം കേന്ദ്ര സര്‍ക്കാര്‍ 25.5 ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ 7.05 കോടി രൂപയും നഷ്ടങ്ങള്‍ പരിഹരിക്കാനായി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ പ്രത്യേക സംഘം രൂപീകരിക്കുകയും 3.7 കോടി രൂപ നഷ്ടപരിഹാരമായി അനുവദിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. സപ്തംബര്‍ 10-നകം അര്‍ഹമായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിള ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരം 13.32 ലക്ഷം രൂപ ഇതിനോടകം കര്‍ഷകര്‍ക്ക് ലഭ്യാക്കിക്കഴിഞ്ഞു. നഷ്ടമായ വിളകളെ ഫലം ലഭിക്കുന്നത് ഫലം ലഭിക്കാത്തത് എന്ന് കണക്കാക്കിയാണ് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുക.
മലയോരമേഖലയില്‍ വീടുകളും കൃഷിയുള്‍പ്പടെയുള്ള ഭൂമിയും നഷ്ടമായ കര്‍ഷകര്‍ നിരവധിയാണ്. എന്നാല്‍ നഷ്ടപരിഹാര തുക സമയബന്ധിതമായി                   ലഭിക്കും എന്ന ഉറപ്പ് കര്‍ഷകര്‍ക്ക് നല്‍കുന്നത് വലിയ ആത്മവിശ്വാസമാണ്. തകര്‍ന്ന കൃഷിഭൂമികള്‍  പഴയ പ്രതാപത്തിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്  സര്‍ക്കാറും കൃഷിവകുപ്പും. 
 

date