Skip to main content

നടുവിലില്‍ വരുന്നു ഷോപ്പിംഗ് കോംപ്ലക്‌സ്

വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നടുവില്‍ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നു. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 20 സെന്റില്‍ 2.2 കോടി രൂപ ചെലവിലാണ് നിര്‍മാണം. 12 മുറികളാണ് ഇവിടെ ഒരുക്കുക. ഒരു മുറിക്ക് ശരാശരി 20000 രൂപയാണ് മാസവാടകയിനത്തില്‍ ലഭിക്കുക.
ഇതിലൂടെ വര്‍ഷംതോറും 25 ലക്ഷം രൂപയുടെ വരുമാനമുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ബേബി ഓടംപള്ളില്‍ പറഞ്ഞു. അടുത്തവര്‍ഷം മാര്‍ച്ചോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍, റസ്റ്റോറന്റുകള്‍, വിനോദ സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ളവ കോംപ്ലക്‌സിലുണ്ടാവും. പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിലൂടെ സാധിക്കും. പ്രാദേശിക കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് സ്ഥിരം വിപണന കേന്ദ്രം ഒരുക്കാനും ഷോപ്പിംഗ് കോംപ്ലക്‌സ് സൗകര്യമൊരുക്കും. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കാനും ഇടനിലക്കാരെ ഒഴിവാക്കി കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കാനും സാധിക്കും. ദേശത്തിന്റെ വികസനത്തിന് ആക്കം കൂട്ടാന്‍ ഷോപ്പിംഗ് കോംപ്ലക്‌സിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് അധികൃതര്‍.
 

date