Skip to main content

300 ഓളം കുടുംബശ്രീ അംഗങ്ങൾ പി.എൽ.ഐ ഏജൻറ് സേവനമേഖലയിലേക്ക്

മലപ്പുറം ജില്ലയിൽ കുടുംബശ്രീ മുഖേന 300 ഓളം പേർ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ് ഏജൻറ് സേവനമേഖലയിലേക്ക്. പോസ്റ്റൽ ഇൻഷൂറൻസ് പദ്ധതി കുടുംബശ്രീയിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കുകയും തപാൽ വകുപ്പിന് കീഴിൽ വരുന്ന സുകന്യ സമൃദ്ധി യോജന, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നീ പദ്ധതികൾ കാര്യക്ഷമമായി ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം. പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റിനു കീഴിൽ പത്താം ക്ലാസോ, തത്തുല്യമോ വിജയിച്ച് 18നും 50നും മധ്യേ പ്രായമുള്ള കുടുംബശ്രീ വനിതകൾക്കും താൽപര്യമുള്ള കുടുംബശ്രീ അംഗമല്ലാത്ത വനിതകൾക്കും രണ്ട് ഘട്ടങ്ങളിലായി കുടുംബശ്രീ നടത്തിയ അഭിമുഖത്തിലൂടെയാണ് പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ് ഏജൻറുമാരെ തെരഞ്ഞെടുത്തത്.  

സി.ഡി.എസിന് കീഴിലെ കുടുംബശ്രീ അംഗങ്ങൾ, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ, വനിതകൾ എന്നിവരിൽ നിന്നാണ് പോസ്റ്റൽ ഇൻഷൂറൻസ് ഏജന്റുമാരാകുന്നതിന് അപേക്ഷകൾ സ്വീകരിച്ചത്. ഓരോ പഞ്ചായത്ത്-തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ നിന്നുമായി മൂന്ന് പേർ വീതമാണ് ഇത്തരത്തിൽ തെരഞ്ഞടുത്തത്.
നേരത്തെ രണ്ട് ഡിവിഷനുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട ഏജന്റുമാരായി നിയമനം ലഭിച്ചവർ നല്ല രീതിയിൽ പ്രവർത്തിച്ച് മികച്ച വരുമാനം കൈപ്പറ്റി പോരുന്നുണ്ട്. കേരളത്തിൽ പോസ്റ്റൽ ഇൻഷൂറൻസിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തുന്നത് മലപ്പുറം ജില്ലയിലെ കുടുംബശ്രീ അംഗങ്ങളാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള പരിശീലനം പോസ്റ്റൽ ഡിവിഷൻ മുഖേന ലഭ്യമാകും. കൂടാതെ ഇവർക്കായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സംരംഭക്ത്വ പരിശീലനവും ടൂ വീലർ പരിശീലനവും വിവിധ സ്‌കീമുകൾ മുഖേന നൽകാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് ജില്ലാ മിഷൻ കോഡിനേറ്റർ ജാഫർ കെ കക്കൂത്ത് അറിയിച്ചു.

 

 

date