Skip to main content

ബീച്ച് ആശുപത്രിയിൽ 28 മുതൽ ഇ-ഹെൽത്ത് സംവിധാനം

 

ഗവ. ജനറൽ ആശുപത്രിയിൽ (ബീച്ച്‌ ആശുപത്രിയിൽ) ഇ-ഹെൽത്ത്‌ സംവിധാനം നടപ്പാക്കുന്നു. ഇതിന്റെ ആദ്യ പടിയായി  സെപ്റ്റംബർ 28 മുതൽ കാർഡിയോളജി വിഭാഗത്തിൽ ഒ.പി ടിക്കറ്റ് എടുക്കുന്നതിനായി രോഗികൾ യു എച്ച് ഐ ഡി ഇ-ഹെൽത്ത്‌ കാർഡ്‌ നിർബന്ധമായും കൊണ്ടു വരേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു. 

കാർഡ്‌ കൈവശം ഇല്ലാത്തവർ ആധാർ കാർഡും ആധാർ കാർഡുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഉള്ള ഫോണും ഒ.പി യിൽ
വരുമ്പോൾ നിർബന്ധമായും കൈവശം കരുതണം. കാർഡ്‌ കൈവശം ഇല്ലാത്തവർക്കും പേരും അനുബന്ധ വിവരങ്ങളും ലഭ്യമാക്കിയാൽ പതിവ്‌ പോലെ ഒ.പി ടിക്കറ്റ്‌ ലഭിക്കും. കാർഡ്‌ കൈവശം ഇല്ലാത്തതിന്റെ പേരിൽ ആർക്കും ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകില്ലെന്നും സൂപ്രണ്ട് അറിയിച്ചു. 

പദ്ധതിയുടെ സുഗമമായ പ്രവർത്തനത്തിനായി നിലവിലുള്ള ഒ.പി കൗണ്ടറിനോട് അനുബന്ധിച്ച് പ്രത്യേക കൗണ്ടർ സജ്ജീകരിച്ചിട്ടുണ്ട്‌.
ബീച്ച് ആശുപത്രിയിൽ ഘട്ടം ഘട്ടമായി മുഴുവൻ ചികിത്സ വകുപ്പുകളിലും ഇ-ഹെൽത്ത്‌ കാർഡ്‌ എത്രയും പെട്ടെന്ന്‌ ലഭ്യമാക്കും.

ഭാവിയിൽ ഒ പി യിലെ തിരക്ക് വലിയ തോതിൽ കുറക്കാനും ചികിത്സ കാര്യക്ഷമമാക്കാനും ഈ പദ്ധതി സഹായകരമാകും. രോഗികളുടെ സമ്പൂർണ രോഗവിവരങ്ങൾ ഒരു വിരൽത്തുമ്പിൽ ലഭ്യമാകും. കുടാതെ, രോഗികൾക്ക്‌ ആശുപത്രിയിൽ പോകാതെ സ്വന്തം വീട്ടിൽ നിന്നും തന്നെ ഒ.പി ടിക്കറ്റ് ബുക്ക്‌ ചെയ്യാനുള്ള സൗകര്യം ഇ ഹെൽത്തിലൂടെ ലഭ്യമാക്കും.

date