Skip to main content

ശുചിത്വബോധം ചെറുപ്പം മുതല്‍ ഉണ്ടാകണം : മന്ത്രി റോഷി അഗസ്റ്റിന്‍

ശുചിത്വബോധവും ധാര്‍മികതയും ചെറുപ്പം മുതല്‍ ഉണ്ടാകേണ്ടതുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഗാന്ധിജയന്തി വാരാഘോഷവും മാലിന്യ മുക്തം നവകേരളം കാമ്പയ്ന്‍ ജില്ലാ തല ഉദ്ഘാടനവും കളക്ടറേറ്റില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും തീവ്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. കുട്ടികളാണ് വരുംതലമുറയ്ക്കുള്ള മാതൃക. ശുചിത്വമുള്ളൊരു നാടിനായി, മാലിന്യമുക്തമായ നവകേരളത്തിനായി നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം. നമ്മളാണ് മാറ്റം എന്ന് തിരിച്ചറിഞ്ഞ് നാടിന്റെ മാറ്റത്തിനായി പ്രയത്‌നിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കളക്ടറേറ്റ് വളപ്പിലെ ഗാന്ധി പ്രതിമയില്‍ മന്ത്രി , ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് എന്നിവര്‍ ഹാരാര്‍പ്പണം നടത്തി. തുടര്‍ന്ന് മന്ത്രി മാലിന്യ മുക്തം നവകേരളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാഴത്തോപ്പ് സെന്റ് ജോര്‍ജ് സ്‌കൂളിലെ എസ്.പി.സി കുട്ടികള്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സാക്ഷരത പ്രേരകുമാര്‍ , ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് കളക്ടറേറ്റ് പരിസരം വൃത്തിയാക്കി.
ജില്ലാഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ ശുചിത്വമിഷന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ഗാന്ധിജയന്തി വാരാഘോഷം നടത്തുന്നത്.
പരിപാടിയില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ രാജു ജോസഫ്,
പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ കെ.വി കുര്യാക്കോസ്, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ലാല്‍കുമാര്‍ , എസ്.പി.സി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എസ്. ആര്‍ സുരേഷ് ബാബു, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്സ്, ഹരിതകര്‍മ സേന, കുടുംബശ്രീ അംഗങ്ങള്‍, എക്സ് സര്‍വീസ്മെന്‍ ചാരിറ്റബള്‍ സൊസൈറ്റി, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date