Skip to main content

ശുചീകരണവും ശുചിത്വ സന്ദേശ റാലിയും സംഘടിപ്പിച്ചു

 

മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരത്തിൽ ശുചീകരണവും ശുചിത്വ സന്ദേശ റാലിയും സംഘടിപ്പിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചെയർപേഴ്സൺ കെ പി സുധ നിർവഹിച്ചു.

ശുചീകരണത്തിനു മുന്നോടിയായി മാലിന്യ മുക്ത പ്രതിജ്ഞയും ശുചിത്വ സന്ദേശ റാലിയും നടന്നു. നഗരത്തെ അഞ്ച് മേഖലകളായി തിരിച്ചാണ് ശുചീകരണം നടത്തിയത്. മീത്തല കണ്ടി മുതൽ മാർക്കറ്റ് വരെയും മാർക്കറ്റ് മുതൽ എസ് ബി ഐ ബാങ്ക് വരെയും  എസ്ബിഐ മുതൽ സിവിൽ സ്റ്റേഷൻ വരെയും മാർക്കറ്റും പരിസരവും ബസ്റ്റാന്റ് പരിസരവുമാണ് ശുചീകരിച്ചത്.

സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ, ശുചീകരണ ജീവനക്കാർ, കൗൺസിലർമാർ എന്നിവർ ശുചീകരണ പ്രവൃത്തികളിൽ പങ്കെടുത്തു. ശുചീകരണത്തിലൂടെ ശേഖരിച്ച അജൈവ പാഴ് വസ്തുക്കൾ നഗരസഭ എംസിഎഫിലേക്ക് മാറ്റി.

വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇ കെ അജിത്ത് മാസ്റ്റർ, കെ എ ഇന്ദിര ടീച്ചർ, കെ ഷിജു മാസ്റ്റർ,  സി പ്രജില എന്നിവർ നേതൃത്വം നൽകി. നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരി സ്വാഗതവും നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി കെ സതീഷ് കുമാർ നന്ദിയും പറഞ്ഞു.
 

date