Skip to main content

കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിന് വീണ്ടും ദേശീയ അംഗീകാരം എൻ.ക്യു.എ.എസ് പരിശോധനയിൽ 99 ശതമാനം മാർക്കോടെ രാജ്യത്തിന് തന്നെ മാതൃക

 

ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഗുണനിലവാരം അനുസരിച്ച് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) പരിശോധനയിൽ വീണ്ടും മികച്ച നേട്ടം കരസ്ഥമാക്കി കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രം. എൻ.ക്യു.എ.എസ് പരിശോധനയിൽ രാജ്യത്ത് തന്നെ മികച്ച സ്‌കോറായ 99 ശതമാനം മാർക്കോടെയാണ് കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രം ഇത്തവണയും നേട്ടം നിലനിർത്തിയത്. 2020ലാണ് ആദ്യമായി കോട്ടക്കൽ കുടുംബാരോഗ്യകേന്ദ്രത്തിന് എൻ.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്നത്. 89 ശതമാനം മാർക്കായിരുന്നു അന്ന് നേടിയെടുത്തത്. സംസ്ഥാന സർക്കാരിന്റെ കായകൽപ്പ അവാർഡും ആരോഗ്യ കേന്ദ്രം അത്തവണ നേടിയിരുന്നു.
വിവിധ മൂല്യനിർണയങ്ങളിലൂടെയാണ് ആരോഗ്യ കേന്ദ്രങ്ങളെ എൻ.ക്യു.എ.എസ് അംഗീകാരത്തിന് തെരഞ്ഞെടുക്കുന്നത്. ഒ.പി, ലബോറട്ടറി, ദേശീയ ആരോഗ്യ ദൗത്യം, ഓഫീസ് നിർവഹണം എന്നിങ്ങനെ വകുപ്പുകൾ തിരിച്ച് പരിശോധിച്ചതിൽ ലബോറട്ടറി സംവിധാനങ്ങൾക്ക് മുഴുവൻ മാർക്കും നേടാനായി. സേവന വ്യവസ്ഥ, രോഗികളുടെ അവകാശ സംരക്ഷണം, സഹായ സേവനങ്ങൾ, ക്ലിനിക്കൽ കെയർ, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം, ഗുണനിലവാരം മെച്ചപ്പെടുത്തൽ തുടങ്ങി എട്ടോളം ഗുണനിലവാര മാനദണ്ഡങ്ങളാണ് പരിഗണിച്ചത്.

date