Skip to main content
പ്രീ പ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരവുമായി നടുവട്ടം ഗവ. എല്‍.പി. സ്‌കൂള്‍ 

പ്രീ പ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരവുമായി നടുവട്ടം ഗവ. എല്‍.പി. സ്‌കൂള്‍ 

ആലപ്പുഴ: പ്രീ പ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സൗകര്യം ഒരുക്കുകയാണ് പള്ളിപ്പാട് പഞ്ചായത്തിലെ നടുവട്ടം ഗവ. എല്‍.പി. സ്‌കൂള്‍. സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ശിക്ഷ കേരള സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായ വര്‍ണക്കൂടാരം പദ്ധതി വഴിയാണ് സ്‌കൂളിലെ കുട്ടികള്‍ക്കായി 13 പഠന ഇടങ്ങള്‍ സജ്ജീകരിച്ചത്. ഭാഷ വികസനയിടം, വരയിടം, നിര്‍മാണയിടം പഞ്ചേന്ദ്രിയ അനുഭവയിടം, ഗണിതയിടം, കുഞ്ഞ് അരങ്ങ് ഇടം എന്നിങ്ങനെയുള്ള 13 ഇടങ്ങളിലായി 30 തീമുകളുടെ അടിസ്ഥാനത്തിലാണ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ശിശു സൗഹൃദ മേശ, കസേര, മറ്റു ഫര്‍ണിച്ചറുകള്‍ തുടങ്ങി ഓരോ ഇടങ്ങളിലും ആവശ്യമായ പ്രത്യേക സാമഗ്രികളും ഒരുക്കിയിട്ടുണ്ട്.

പ്രീ പ്രൈമറിയിലെ രണ്ട് ക്ലാസ് റൂമുകള്‍ക്ക് പുറമേ സ്‌കൂള്‍ പരിസരത്ത് പാര്‍ക്ക് പോലെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ക്ലാസ് മുറിക്കുള്ളില്‍ മാത്രമല്ല ചുറ്റുപാടുകളിലൂടെയും അനുഭവങ്ങളിലൂടെയുമുള്ള പഠനമാണ് ഇതിലൂടെ സാധ്യമാക്കുന്നത്. 2023 ജനുവരിയില്‍ ആരംഭിച്ച പദ്ധതി പൂര്‍ത്തീകരണത്തിലേക്ക് അടുക്കുകയാണ്. സമഗ്ര ശിക്ഷ കേരള സ്റ്റാര്‍സ് പദ്ധതിയിലൂടെ 10 ലക്ഷം രൂപയാണ് വര്‍ണ്ണക്കൂടാരം പദ്ധതിക്കായി ചെലവഴിച്ചത്. പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ വര്‍ണ്ണക്കൂടാരം പദ്ധതി നടപ്പാക്കുന്നത്

date