Skip to main content
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലതല സംഘാടകസമിതി രൂപികരണ യോഗം ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു.

ഡിസംബർ 31ന് കാഞ്ഞിരപ്പള്ളിയെ മാലിന്യമുക്ത നിയോജകമണ്ഡലമാക്കും: സർക്കാർ ചീഫ് വിപ്പ്

- നിയോജകമണ്ഡലതല സംഘാടകസമിതി രൂപീകരിച്ചു

കോട്ടയം: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഡിസംബർ 31ന് കാഞ്ഞിരപ്പള്ളി നിയമസഭ നിയോജകമണ്ഡലത്തെ മാലിന്യമുക്ത മണ്ഡലമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പറഞ്ഞു. മാലിന്യമുക്തം നവകേരളം നിയോജകമണ്ഡലതല സംഘാടകസമിതി രൂപീകരണയോഗം ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ എന്റെ കാഞ്ഞിരപ്പള്ളി-എന്റെ അഭിമാനം എന്ന സന്ദേശത്തോടെ മാലിന്യമുക്ത പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ജനകീയ പങ്കാളിത്തം ഉറപ്പാക്കും. മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ സമഗ്രവും ശാസ്ത്രീയവുമാക്കുക എന്നതാണ് ലക്ഷ്യം. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ഒമ്പതു പഞ്ചായത്തുകളിലുമായി പഞ്ചായത്തുതല കൺവൻഷനുകൾ ഒക്ടോബർ 12നകം പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനിച്ചു. കൺവൻഷനുകളുടെ ഉദ്ഘാടനം പൊൻകുന്നം മിനി സിവിൽ സ്റ്റേഷനിൽ ഒക്ടോബർ രണ്ടിന് രാവിലെ 10 ന് നടക്കും. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.  
ജില്ലാ പഞ്ചായത്തംഗം ഹേമലതാ പ്രേംസാഗർ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ നവകേരളം മിഷൻ കോ-ഓർഡിനേറ്റർ ശ്രീശങ്കർ, എ.ഡി.സി. ജനറൽ ജി. അനീസ്, പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന റിസോഴ്‌സ് പേഴ്‌സണുകൾ, കുടുംബശ്രീ ഭാരവാഹികൾ, സർക്കാരിന്റെ വിവിധ മിഷനുകളുടെ ചുമതലക്കാർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, സമുദായ നേതാക്കൾ എന്നിവർ പങ്കെടുത്തു.

 

date