Skip to main content
വയോജന ദിനത്തില്‍ സായം പ്രഭ ഹോമിന് സമ്മാനവുമായി യു.പ്രതിഭ എം.എല്‍.എ.

വയോജന ദിനത്തില്‍ സായം പ്രഭ ഹോമിന് സമ്മാനവുമായി യു.പ്രതിഭ എം.എല്‍.എ.

ആലപ്പുഴ: പത്തിയൂര്‍ ഗ്രാമപഞ്ചായത്തില്‍ സാമൂഹ്യനീതി വകുപ്പിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന വയോജനങ്ങള്‍ക്കായുള്ള പകല്‍ സമയ സംരക്ഷണ സേവന കേന്ദ്രമായ സായം പ്രഭ ഹോമിന്റെ പ്രവര്‍ത്തനത്തിനായി വാഹനം വാങ്ങി നല്‍കുമെന്ന് യു. പ്രതിഭ എം.എല്‍.എ. പറഞ്ഞു. വയോജന വാരാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എം.എല്‍.എ. മണ്ഡല വികസന ഫണ്ടില്‍ നിന്നും പണം ചിലവഴിച്ചാണ് വാഹനം വാങ്ങി നല്‍കുന്നത്. പത്തിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഏറെ നാളുകളായുള്ള ആവശ്യമാണ് ഇതോടെ സഫലമാകുന്നത്.

വയോജനങ്ങളുടെ സംരക്ഷണം പൊതു സാമൂഹത്തിന്റെ ഉത്തരവാദിത്തമായി 
ഏറ്റെടുത്ത് പ്രവര്‍ത്തിക്കണമെന്നും വയോജനങ്ങളുടെ സംക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നവരെ പ്രത്യേകം അഭിനന്ദിക്കുന്നതായും എം.എല്‍.എ. പറഞ്ഞു. വയോരക്ഷ പദ്ധതി ഉള്‍പ്പടെ വയോജനങ്ങള്‍ക്കായുള്ള സാമൂഹ്യക്ഷേമ പദ്ധതികള്‍ സംസ്ഥാനത്ത് മികവുറ്റ രീതിയില്‍ നടപ്പാക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിനെയും ജില്ലാ പഞ്ചായത്തിനെയും എം.എല്‍.എ അഭിനന്ദിച്ചു.

സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പത്തിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പത്തിയൂര്‍ ഗവ.ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍.ഷീബ അധ്യക്ഷത വഹിച്ചു. വയോജന വാരാചരണത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ എല്ലാ വയോജന മന്ദിരങ്ങളിലും സായം പ്രഭ ഹോമുകളിലും വിനോദ- കലാമത്സരങ്ങള്‍ സംഘടിപ്പിച്ചു. മണ്ണഞ്ചേരി, പട്ടണക്കാട്, വള്ളികുന്നം, അരൂര്‍, പത്തിയൂര്‍, ഭരണിക്കാവ് പഞ്ചായത്തുകളിലെ സായം പ്രഭ ഹോമുകളില്‍ ഒക്ടോബര്‍ 4ന് രാവിലെ 10 മുതല്‍ 1 മണിവരെ ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ മെഡിക്കല്‍ ക്യാമ്പും നടത്തും. 

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.ടി.എസ്.താഹ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. ഉണ്ണികൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനു ചെല്ലപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മണി വിശ്വനാഥ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ബി.പവിത്രന്‍, ഐ.ജയകുമാരി, അനിത രാജേന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അബീന്‍ എ.ഒ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.എസ്. സുജാത, ഐ.സി.ഡി.എസ് സൂപര്‍വൈസര്‍ കെ.ബി.സുജാത തുടങ്ങിയവര്‍ സംസാരിച്ചു. 

വയോജന സംരക്ഷണ മേഖലയിലെ വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി മീഡിയ വില്ലേജുമായി സഹകരിച്ച് റേഡിയോ ചാറ്റ് ഷോ, സോഷ്യല്‍ മീഡിയ റീല്‍സ് ബോധവത്ക്കരണ കാമ്പയിന്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വയോജന സംരക്ഷണ പ്രതിഞ്ജ എന്നിവയും വാരാചരണത്തിന്റെ ഭാഗമായി നടത്തും. 

date