Skip to main content
മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി നടന്ന പാലാ നിയമസഭ നിയോജകമണ്ഡലം കൺവൻഷൻ പാലാ നഗരസഭ ടൗൺഹാളിൽ മാണി സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.

മാലിന്യമുക്തം നവകേരളം; ഡിസംബർ 31നകം പാലാ നിയമസഭമണ്ഡലം സമ്പൂർണ മാലിന്യമുക്തമാക്കും

 നിയോജകമണ്ഡലം കൺവൻഷൻ സംഘടിപ്പിച്ചു

കോട്ടയം: മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി ഡിസംബർ 31നകം പാലാ നിയമസഭ നിയോജകമണ്ഡലം സമ്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിക്കുമെന്ന് മാണി സി. കാപ്പൻ എം.എൽ.എ. പറഞ്ഞു. മാലിന്യമുക്തം നവകേരളം പാലാ നിയമസഭ നിയോജകമണ്ഡലം കൺവൻഷൻ പാലാ നഗരസഭ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാലിന്യമുക്ത പാലാ നിയോജകമണ്ഡലം സൃഷ്ടിക്കാൻ എല്ലാവരും പങ്കുചേരണമെന്നും എം.എൽ.എ പറഞ്ഞു.
യോഗത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നടക്കുന്ന മാലിന്യസംസ്‌കരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മുഴുവൻ സ്ഥാപനങ്ങളിലും വീടുകളിലും ജൈവമാലിന്യങ്ങളുടെ ഉറവിട മാലിന്യസംസ്‌കരണം നടക്കുന്നുണ്ടെന്നു ഉറപ്പുവരുത്തണം. ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ അജൈവ മാലിന്യ  ശേഖരണം ഉറപ്പാക്കണം. പൊതുനിരത്തുകൾ, ജലാശയങ്ങൾ, ഓഫീസുകൾ തുടങ്ങിയവ മാലിന്യമുക്തമാക്കമെന്നു യോഗത്തിൽ നിർദ്ദേശം ഉയർന്നു. മണ്ഡലത്തിലെ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും 25-50 വീടുകൾ അടങ്ങിയ ക്ലസ്റ്റർ തലത്തിലും വാർഡ് തലത്തിലും ജനകീയ കൺവൻഷനുകൾ സംഘടിപ്പിക്കും. പഞ്ചായത്ത് നഗരസഭാ കൺവൻഷനുകൾ ഒക്‌ടോബർ 13നകം സംഘടിപ്പിക്കും. ഇന്നും നാളെയും (ഒക്ടോബർ 1,2) എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വാർഡുതലങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. കാമ്പയിൻ ജനറൽ കൺവീനറായി പീറ്റർ പന്തലാനിയെ തെരഞ്ഞെടുത്തു.

യോഗത്തിൽ നഗരസഭാധ്യക്ഷ ജോസിൻ ബിനോ അധ്യക്ഷയായി. തദ്ദേശസ്വയംഭരണ വകുപ്പ്  ജോയിന്റ് ഡയറക്ടർ ബിനു ജോൺ വിഷയാവതരണം നിർവഹിച്ചു. പരിപാടിയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ശ്രീകല, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറിമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, കില, രാഷ്ട്രീയ ഗ്രാംസ്വരാജ് അഭിയാൻ റിസോഴ്സ് പേഴ്സൺമാർ, പരിസ്ഥിതി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, രാഷ്ട്രീയ, സാമൂഹിക, സാമുദായിക- സാംസ്‌കാരിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

 

date