Skip to main content

ജില്ലാ കേരളോത്സവം നവംബർ 10 മുതൽ 15 വരെ: സംഘാടക സമിതി രൂപീകരിച്ചു

 

ജില്ലാ കേരളോത്സവം നവംബർ 10 മുതൽ 15 വരെ തൂണേരി, കുന്നുമ്മൽ ബ്ലോക്കുകളിലായി നടക്കും. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാതല സംഘാടകസമിതി രൂപീകരിച്ചു. ജില്ലയിലെ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മേയർ, ജില്ലാകലക്ടർ എന്നിവർ രക്ഷാധികാരികളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർപേർസനുമാണ്. 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, മുൻസിപ്പൽ ചെയർമാൻമാർ, മറ്റു ജനപ്രതിനിധികൾ, സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗങ്ങൾ, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗങ്ങൾ, ഉദ്യോഗസ്ഥർ, യുവജന രാഷ്ട്രീയ സംഘടന ഭാരവാഹികൾ തുടങ്ങിയവർ ഉൾപ്പെടുന്ന വിപുലമായ സംഘാടകസമിതിക്കാണ് ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ രൂപം നൽകിയത്.

ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും 6,000 ത്തോളം കലാകായിക പ്രതിഭകൾ കേരളോത്സവത്തിൽ മാറ്റുരയ്ക്കും. 105 ഇനങ്ങളിലായാണ് കലാകായിക മത്സരങ്ങൾ നടക്കുക. തൂണേരി ബ്ലോക്കിൽ കലാ മത്സരങ്ങളും കുന്നുമ്മൽ ബ്ലോക്കിൽ കായിക മത്സരങ്ങളുമാണ് നടക്കുക.

ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വിനോദ് പൃത്തിയിൽ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷ പി പി, ഹുസൂർ ശിരസ്തദാർ ബാബു ചാണ്ടൂളി, സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർ ടി എം അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഷാഫി സ്വാഗതവും യുവജനക്ഷേമ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ ടി കെ സുമേഷ് നന്ദിയും പറഞ്ഞു.

date