Skip to main content

പാപ്പിനിശ്ശേരി ഇന്റോർ സ്റ്റേഡിയം നിർമ്മാണം തുടങ്ങി കായിക മേഖലയിലെ നിക്ഷേപം വർധിപ്പിക്കും: മന്ത്രി വി അബ്ദുറഹ്മാൻ

 

 

കായിക മേഖലയിൽ കേരളത്തിലുള്ള 

നിക്ഷേപം വർധിപ്പിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. പാപ്പിനിശ്ശേരി ഇന്റോർ സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ 45000 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്തെ കായിക മേഖലയിലുള്ളത്. സ്വകാര്യ മേഖലയിൽ ഉൾപ്പെടെ ഇത് വർധിപ്പിക്കും. നിക്ഷേപം കൂടുമ്പോൾ നാടിന് കൂടുതൽ വളർച്ചയുണ്ടാകും. 

തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പ്ലാൻ ഫണ്ടിൽ നിന്നും 10 ശതമാനം കായിക പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം. ഈ തീരുമാനം പ്ലാനിങ്ങ് ബോർഡ് അംഗീകരിച്ചിട്ടുണ്ട്. ഇതിന്റെ മാർഗരേഖ ഉടൻ പുറത്തിറക്കും. ഇതോടെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഈ മേഖലയിൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്താനാകും. കായിക ഇനങ്ങൾ മത്സരത്തിന് മാത്രമുള്ളതല്ല. അത് ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കാൻ കൂടിയാണ്. കളിക്കളങ്ങളിലേക്ക് യുവ തലമുറ മാത്രം എത്തുന്ന സ്ഥിതി മാറണം. എല്ലാ പ്രായക്കാരും ഇത്തരം സ്ഥലങ്ങളിൽ എത്തണമെന്നും അവർക്ക് പറ്റുന്ന കായിക വിനോദങ്ങൾ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നടത്തണമെന്നും മന്ത്രി പറഞ്ഞു.

 

പാപ്പിനിശ്ശേരി തുരുത്തിയിൽ 35 മീറ്റർ വീതം നീളവും വീതിയുമുള്ള സ്റ്റേഡിയമാണ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമ്മിക്കുന്നത്. ഇതിനായി സർക്കാർ 4.89 കോടി രൂപ അനുവദിച്ചിരുന്നു. നാല് ബാറ്റ്മിന്റൺ കോർട്ട്, ബാസ്ക്കറ്റ് ബോൾ കോർട്ട്, ശുചിമുറി ബ്ലോക്ക്, ചുറ്റുമതിൽ, മഴവെള്ള സംഭരണി തുടങ്ങിയവയാണ് ഒരുക്കുക. എട്ട് മാസത്തിനകം പ്രവൃത്തി പൂർത്തിയാക്കാനാണ് ലക്ഷ്യം. 

ചടങ്ങിൽ കെ വി സുമേഷ് എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥിയായി. കായിക വകുപ്പ് ഡിഡി ടി ആർ ജയചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ വി സുശീല, വൈസ് പ്രസിഡണ്ട് കെ പ്രദീപ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി അജിത, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ശോഭന, വാർഡ് അംഗം വി പ്രസന്ന, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date