Skip to main content

അജൈവ-ജൈവ മാലിന്യ സംസ്‌കരണം: കെ.എച്ച് ഷഫ്നയുടേത് മികച്ച ആശയം

ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നവകേരള മിഷനുമായി സഹകരിച്ച് നടത്തിയ അജൈവ-ജൈവമാലിന്യ സംസ്‌കരണത്തില്‍ ആശയ രൂപീകരണ മത്സരത്തില്‍ കെ.എച്ച് ഷഫ്‌നയുടേത് മികച്ച ആശയമായി തിരഞ്ഞെടുത്തു. ജൈവമാലിന്യത്തില്‍ നിന്ന് തനിയെ ഉണ്ടായിവരുന്ന പുഴുക്കളെ ഉപയോഗിച്ച് ജൈവമാലിന്യത്തിന്റെ അളവ് കുറയ്ക്കാമെന്നാണ് കെ.എച്ച് ഷഫ്‌ന വ്യക്തമാക്കിയിരുന്നത്. ഹെര്‍മിഷ്യ ഇല്ലുസെന്‍സ് അഥവാ ബ്ലാക്ക് സോള്‍ജിയര്‍ ഫ്ളൈസ് ജൈവ മാലിന്യത്തില്‍ നിന്ന് രൂപീകരിക്കപ്പെടുകയും തുടര്‍ന്ന് അവയുടെ അഞ്ച് ദിവസം പ്രായമായ മുട്ടകള്‍ മാലിന്യത്തിന്റെ മുകളില്‍ വിതറിയാല്‍ ലാര്‍വകള്‍ ഉണ്ടാവുകയും തുടര്‍ന്ന് മാലിന്യത്തിന്റെ അളവ് കുറച്ച് പുഴുക്കളായി മാറുമ്പോള്‍ ആ പുഴുക്കള്‍ കോഴി, മത്സ്യം എന്നിവയ്ക്ക് പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണമായി ഉപയോഗിക്കാമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
ഒരു ഗ്രാം മുട്ടകളില്‍ നിന്ന് പതിനായിരത്തോളം ലാര്‍വകള്‍ ലഭ്യമാകും. അവയ്ക്ക് 15 കിലോ വരെ ജൈവമാലിന്യം രണ്ടാഴ്ചയ്ക്കകം സംസ്‌കരിക്കാന്‍ സാധിക്കുമെന്നാണ് ഷഫ്ന വ്യക്തമാക്കുന്നത്. സ്വന്തമായി വീട്ടില്‍ ചെയ്ത് വ്യക്തമായിട്ടുണ്ടെന്നും ഷഫ്‌ന പറയുന്നു. ആശയം നവ കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്ക് കൈമാറും. അസിസ്റ്റന്റ് കലക്ടര്‍ ഒ.വി ആല്‍ഫ്രെഡ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, നവകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി എന്നിവര്‍ ചേര്‍ന്ന് പുതുമ, പ്രായോഗികത എന്നിവ മാനദണ്ഡമാക്കിയാണ് ആശയങ്ങള്‍ വിലയിരുത്തിയത്.

date