Skip to main content

കുറ്റ്യാടി ടൗൺ നവീകരണ പ്രവൃത്തി  ഈ വർഷം  അവസാനത്തോടെ പൂർത്തിയാക്കും

കുറ്റ്യാടി നിയോജകമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകനം വടകര റെസ്റ്റ് ഹൗസിൽ  നടന്നു.
യോഗത്തിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു.  പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ എൻ  ശ്രീജിത്ത്, പൊതുമരാമത്ത് വകുപ്പ് റോഡ്സ്,  കെട്ടിടം ബ്രിഡ്ജസ് അസി. എഞ്ചിനീയർമാർ എന്നിവർ പങ്കെടുത്തു.

കുറ്റ്യാടി ടൗൺ നവീകരണ പ്രവൃത്തി ഈ വർഷം ഡിസംബർ മാസം അവസാനത്തോടെ പൂർത്തിയാക്കണമെന്ന്  യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

വട്ടോളി പാതിരിപ്പറ്റ റോഡ്, വില്യാപ്പള്ളി ചെമ്മരത്തൂർ റോഡ്, വില്യാപ്പള്ളി ആയഞ്ചേരി റോഡ് (2 പ്രവൃത്തികൾ ), നങ്ങീലണ്ടിമുക്ക് വളയന്നൂർ റോഡ്, തിരുവള്ളൂർ ആയഞ്ചേരി റോഡ്, പൊക്ലാരത്ത് താഴെ മാണിക്കോത്ത് താഴെ പള്ളിയത്ത് റോഡ്, കുറ്റ്യാടി മുതൽ കക്കട്ടിൽ വരെയുള്ള സംസ്ഥാന പാതയുടെ ബിസി ഓവർലേ ,കുറ്റ്യാടി ബൈപ്പാസ് ,കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ്,വടകര വില്യാപ്പള്ളി ചേലക്കാട് റോഡ്,എസ്മുക്ക് വള്ളിയാട് കോട്ടപ്പള്ളി റോഡ്, തോടന്നൂർ ഇടിഞ്ഞകടവ് റോഡ്, കുനിങ്ങാട് പുറമേരി വേറ്റുമ്മൽ തുടങ്ങി പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ വരുന്ന റോഡ് നിർമ്മാണ പ്രവൃത്തികൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിനെ കുറിച്ച് യോഗം ചർച്ച ചെയ്തു.

ഗതാഗതത്തിന് ബുദ്ധിമുട്ടുള്ള  റോഡുകളിൽ കുഴികൾ അടച്ച്, റോഡ്  ഗതാഗതയോഗ്യമാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.

വില്യാപ്പള്ളി ,മണിയൂർ ഐടിഐ കളുടെ നിർമ്മാണം പുരോഗമിക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. പറമ്പിൽ ഗവ. യു.പി. സ്കൂൾ , തിരുവള്ളൂർ ഗവ എം യു പി സ്കൂൾ പ്രവൃത്തികൾ യഥാസമയം പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ നിർദ്ദേശം നൽകി.

കുറ്റ്യാടി താലൂക്ക് ആശുപത്രിയുടെ 28.5 കോടി രൂപയുടെ പ്രവൃത്തിക്ക് ഉടൻ സാങ്കേതിക അനുമതി ലഭ്യമാകുമെന്നും കുറ്റ്യാടി താലൂക്ക് ആശുപത്രിയുടെ  ബജറ്റിൽ അനുവദിച്ച 2 കോടി രൂപയുടെ പ്രവൃത്തി അംഗീകാരത്തിനായി സമർപ്പിച്ചതായും എം എൽ എ അറിയിച്ചു.

 

date