Skip to main content

സമയബന്ധിതമായി നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാത്ത ഏജന്‍സികള്‍ക്കെതിരെ നടപടി വേണം ജില്ലാ വികസന സമിതി യോഗം

സമയബന്ധിതമായി നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാത്ത ഏജന്‍സികളെ പദ്ധതി നിര്‍വഹണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യം. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടി ഐ മധുസൂദനന്‍, കെ പി മോഹനന്‍ എന്നീ എം എല്‍ എമാരാണ് ഈ ആവശ്യമുന്നയിച്ചത്. ജില്ലയില്‍ ഹാബിറ്റാറ്റ് മുഖേന 17 കോളനികളില്‍ നടപ്പാക്കുന്ന നിര്‍മ്മാണ പദ്ധതികളുടെ തല്‍സ്ഥിതി സംബന്ധിച്ച് നവംബര്‍ 14നകം റിപ്പോര്‍ട്ട് നല്‍കാന്‍ ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. പാട്യം പഞ്ചായത്തിലെ അമ്മാറ പറമ്പ് കോളനിയില്‍ ഹാബിറ്റാറ്റ് മുഖേനെ നടപ്പാക്കുന്ന അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതി പ്രകാരമുള്ള പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കണമെന്ന കെ പി മോഹനന്‍ എം എല്‍ എ യുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. മൂന്നാം കുറ്റി, അരിങ്ങോട്,പട്ടത്ത് വയല്‍, ഈയങ്കല്‍, മാവിന്‍ തട്ട്, മടക്കിനി തുടങ്ങി 17 കോളനികളിലാണ് ഹാബിറ്റാറ്റ് മുഖേനെയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നത്.
കൂത്തുപറമ്പ് മണ്ഡലത്തില്‍ നിര്‍മ്മിക്കുന്ന ജന്റര്‍ കോംപ്ലക്‌സിന്റെ സ്ട്രക്ചറല്‍ ഡിസൈന്‍ 2024 ജനുവരിയില്‍ ലഭ്യമാക്കുമെന്ന് പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ യോഗത്തെ അറിയിച്ചു.
കണ്ണൂര്‍ കൂത്തുപറമ്പ് റോഡില്‍ ചാല കട്ടിംഗ് ആര്‍ ഒ ബി യുടെ പൂര്‍ണ്ണ പ്രയോജനം ലഭ്യമാക്കുന്നതിന് നാഷണല്‍ ഹൈവേ അതോറിറ്റിയുടെ കീഴിലുള്ള ആറ് വരി പാതയില്‍ ഇടത് വലത് അനുബന്ധ റോഡുകളെ ബന്ധിപ്പിച്ച് ഓവര്‍ പാസ് നിര്‍മ്മിക്കണമെന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ കത്തിലൂടെ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ദേശീയപാത അതോറിറ്റിക്ക് സാങ്കേതിക റിപ്പോര്‍ട്ടും ഡ്രോയിംഗും നല്‍കിയതായും അദ്ദേഹം അറിയിച്ചു. വീടുകളിലേക്കുള്ള കുടിവെള്ള പൈപ്പുകള്‍ റോഡ് നിര്‍മ്മാണത്തിനിടെ പൊട്ടുന്നത് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വിശദമായ കത്ത് നല്‍കാന്‍ പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം എഞ്ചിനീയറോട് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടര്‍ തുറക്കുന്ന കാര്യം നവംബര്‍ 14 നുള്ളില്‍ പരിഹരിക്കുമെന്ന് കോര്‍പ്പറേഷന്‍ പ്രതിനിധി യോഗത്തെ അറിയിച്ചു.
പേരാവൂരില്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് വിനോദവിജ്ഞാന കേന്ദ്രം തുടങ്ങാനുള്ള പ്രൊപ്പോസല്‍ നടപ്പിലാക്കുന്നതില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് ഡോ.വി ശിവദാസന്‍ എം പി പറഞ്ഞു. പദ്ധതി പ്രായോഗികമല്ലെന്നാണ് വകുപ്പ് നല്‍കിയ റിപ്പോര്‍ട്ട്. ഇതിന്റെ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നും എംപി ആവശ്യപ്പെട്ടു. വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിന് സ്ഥലം കൈമാറ്റം സംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയതായും അനുമതി കിട്ടി ഉത്തരവിറങ്ങിയാല്‍ ഉടന്‍ സ്ഥല കൈമാറ്റം നടത്താമെന്നും സബ് കലക്ടര്‍ സന്ദീപ് കുമാര്‍ യോഗത്തെ അറിയിച്ചു. കെ മുരളീധരന്‍ എം പി യുടെ പ്രതിനിധിയാണ് വിഷയം ഉന്നയിച്ചത്.
ആറോണ്‍ യു പി സ്‌കൂളിന് കെ സുധാകരന്‍ എംപിയുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച സ്‌കൂള്‍ ബസ് കൈമാറിയതായും ബില്ലും അനുബന്ധ രേഖകളും കലക്ട്രേറ്റില്‍ സമര്‍പ്പിച്ചതായും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ അറിയിച്ചു.
കോറളായി പ്രദേശത്തെ മണ്ണിടിച്ചില്‍ സംബന്ധിച്ച് സംസ്ഥാന തല ഉന്നതതല സമിതി നവംബര്‍ ഒന്നിന് സ്ഥല സന്ദര്‍ശനം നടത്തുമെന്ന് ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.
നവകേരള സദസ്സിന്റെ വിജയത്തിനായി ഓരോ വകുപ്പുകളും നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ വിശദീകരിച്ചു. ഓരോ മണ്ഡലത്തിലും വകുപ്പുകള്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളുടെ റിപ്പോര്‍ട്ട് നല്‍കാനും കലക്ടര്‍ നിര്‍ദേശിച്ചു.
ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷത വഹിച്ചു. ഡോ. വി ശിവദാസന്‍ എം പി, ടി ഐ മധുസൂദനന്‍ എം എല്‍ എ, കെ പി മോഹനന്‍ എം എല്‍ എ, സബ് കലക്ടര്‍ സന്ദീപ് കുമാര്‍, അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്, എ ഡി എം കെ കെ ദിവാകരന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത്. മറ്റ് വകുപ്പ് മേധാവികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date