Skip to main content

ജനങ്ങളില്‍ നിന്നും ലഭിക്കുന്ന അളവറ്റ പിന്തുണയാണ് കേരളീയത്തിന്റെ വിജയം : മന്ത്രി വി.ശിവന്‍കുട്ടി

**കുടിയേറ്റവും കയ്യേറ്റവും രണ്ടായി കാണുമെന്ന് മന്ത്രി കെ.രാജന്‍
**ഭക്ഷ്യഭദ്രത ഉറപ്പാക്കിയ കേരളം രാജ്യത്തിനു മാതൃക: മന്ത്രി ജി.ആര്‍ അനില്‍

ഭാവികേരളത്തെ നിര്‍ണയിക്കുന്നതില്‍ കേരളീയത്തിന്റെ പങ്ക് മനസിലാക്കിയ ജനങ്ങള്‍ നല്‍കുന്ന പിന്തുണയും പ്രോത്സാഹനവുമാണ് കേരളീയം മഹോത്സവത്തിന്റെ വിജയമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടന ചടങ്ങില്‍ പതിനായിരത്തിലേറെ പേര്‍ പങ്കെടുത്തു. നിറഞ്ഞ വേദികളിലാണ് എല്ലാ കലാപരിപാടികളും നടക്കുന്നത്. ജനത്തിരക്ക് മൂലം ഫുഡ്കോര്‍ട്ടിലെ മിക്ക സ്റ്റാളുകളിലും രാത്രി ഒമ്പത് മണിയോടെ ഭക്ഷണം തീരുന്ന സ്ഥിതിയുണ്ടായി. നഗരത്തില്‍ നടപ്പിലാക്കിയ ട്രാഫിക്ക് നിയന്ത്രണങ്ങളോടും ജനങ്ങള്‍ സഹകരിച്ചു. കേരളത്തിലെ എല്ലാ മാധ്യമങ്ങളും നല്ല പിന്തുണയാണ് നല്‍കുന്നത്. തിരുത്തപ്പെടേണ്ടുന്ന വിമര്‍ശനങ്ങളെ തിരുത്തി തന്നെ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കേരളീയവുമായി ബന്ധപ്പെട്ട് കനകക്കുന്ന് പാലസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എന്നിവരും പങ്കെടുത്തു.

കേരളത്തിലെ ഭൂപരിഷ്‌കരണ നടപടികളുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാരിന് കരുത്തുനല്‍കുന്ന സെമിനാറാണ് റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നതെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു. ജന്മിമാരില്‍ നിന്നും കുടിയാന്മാരിലേക്ക് ഭൂമിയെത്തിയത് കേരളത്തെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയ പ്രവര്‍ത്തനമാണെന്ന് സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. രജിസ്ട്രേഷന്‍, റവന്യൂ, സര്‍വേ വകുപ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ നവംബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കുടിയേറ്റവും കയ്യേറ്റവും സംസ്ഥാന സര്‍ക്കാര്‍ രണ്ടായി തന്നെ പരിഗണിക്കും. ജീവിക്കാന്‍ വേണ്ടി ഭൂമിയില്‍ കുടിയേറി പാര്‍ത്തവരോട് ശത്രുതാപരമായ മനോഭാവത്തോടെ പെരുമാറില്ല. എന്നാല്‍ അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്ന വന്‍കിട കയ്യേറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ആയിരം പേരെ പങ്കെടുപ്പിക്കണമെന്നാണ് സംഘാടക സമിതി തീരുമാനിച്ചിരുന്നതെങ്കിലും 2,680 പേര്‍ റവന്യൂ വകുപ്പിന്റെ സെമിനാറില്‍ രജിസ്റ്റര്‍ ചെയ്തത് കേരളീയത്തെ ജനങ്ങള്‍ ഏറ്റെടുത്തതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭക്ഷ്യഭദ്രതയും പോഷകാഹാരവും ഉറപ്പാക്കിയ കേരളം രാജ്യത്തിന് മാതൃകയാണെന്ന് ഭക്ഷ്യഭദ്രത എന്ന വിഷയത്തില്‍ ടാഗോര്‍ തിയേറ്ററില്‍ നടന്ന സെമിനാര്‍  വിലയിരുത്തിയെന്ന് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. 1367 പേര്‍ സെമിനാറില്‍ രജിസ്റ്റര്‍ ചെയ്യുകയും ആയിരത്തി അഞ്ഞൂറിലേറെ പേര്‍ പങ്കെടുക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രിമാര്‍ക്ക് പുറമെ പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊ. വി.കെ രാമചന്ദ്രന്‍, പ്ലാനിംഗ് ബോര്‍ഡ് അംഗങ്ങളായ ഡോ. കെ. രവി രാമന്‍, ഡോ. ജമീല പി.കെ, ആര്‍. രാംകുമാര്‍, മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍.എസ് ബാബു എന്നിവരും പങ്കെടുത്തു.

date