Skip to main content

കേരളത്തില്‍ വ്യവസായ പ്രദര്‍ശനത്തിന് സ്ഥിരം വേദി : മന്ത്രി പി. രാജീവ്

സംസ്ഥാനത്ത് കിന്‍ഫ്രയുടെ നേതൃത്വത്തിലുള്ള സ്ഥിരം രാജ്യാന്തര എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഈ വര്‍ഷം ഉദ്ഘാടനം ചെയ്യുമെന്ന് നിയമ-വ്യവസായ-കയര്‍ വകുപ്പ് മന്ത്രി പി. രാജീവ്. കേരളീയത്തിന്റെ ഭാഗമായി വ്യവസായവകുപ്പ് പുത്തരിക്കണ്ടം മൈതാനത്തു സംഘടിപ്പിച്ച ബിടുബി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വ്യവസായരംഗത്തെ എക്കോ സിസ്റ്റം സര്‍ക്കാര്‍ ശക്തിപ്പെടുത്തുകയാണ്. കൂടുതല്‍ ചെറുകിട വ്യവസായ സംരംഭങ്ങള്‍ വരുമ്പോഴും അവയുടെ വിപണി ഉറപ്പു വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കിന്റെ കോമ്പൗണ്ടില്‍ യൂണിറ്റി മാള്‍ വരും. ഒരുജില്ലയില്‍ നിന്നും ഒരു ഉല്‍പ്പന്നം എന്ന പദ്ധതിപ്രകാരമുള്ള യൂണിറ്റുകളെയും ഇതില്‍ ഉള്‍പ്പെടുത്തും. എം.എസ്.എം.ഇ യൂണിറ്റുകള്‍ക്ക് പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ച് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കി കഴിഞ്ഞു. ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ 50% സര്‍ക്കാര്‍ വഹിക്കും. ഇതിനായി ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതുവഴി ആകര്‍ഷകമായ നിരക്കില്‍ പോളിസിയെടുക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും  കണ്‍സ്യൂമര്‍ഫെഡുമായി ചേര്‍ന്ന് കെ സ്റ്റോറില്‍ ഒരു ഭാഗം പ്രാദേശിക ഉത്പന്നങ്ങള്‍ക്കായി മാറ്റിവെക്കും. സൂപ്പര്‍മാര്‍ക്കറ്റുകളിലും മെയ്ഡ് ഇന്‍ കേരള ഉത്പ്പന്നങ്ങള്‍ക്കായി ഒരുഭാഗം മാറ്റിവെക്കും. ഇത് തദ്ദേശീയമായ യൂണിറ്റുകളുടെ കമ്പോളം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

വെളിച്ചെണ്ണയ്ക്കായിരിക്കും ആദ്യം കേരള ബ്രാന്‍ഡ് നല്‍കുക. ഏകദേശം 2,400 വെളിച്ചെണ്ണ കമ്പനികള്‍ കേരളത്തില്‍ ഉണ്ട്. ഇതില്‍ 1,400 എണ്ണം സംരംഭക വര്‍ഷത്തിന്റെ ഭാഗമായി വന്നതാണ്. ഇത്തരത്തില്‍ കേരള ബ്രാന്‍ഡ് പ്രധാനപ്പെട്ട ഒന്നായി മാറുകയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ വ്യവസായ രംഗത്ത് വലിയ മാറ്റം ഉണ്ടാക്കാന്‍ ബി ടു ബി മീറ്റിനു കഴിയുമെന്നും മന്ത്രി പറഞ്ഞു.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ എ.പി.എം മുഹമ്മദ് ഹനീഷ്, സുമന്‍ ബില്ല, വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, ബോര്‍ഡ് ഓഫ് പബ്ലിക് സെക്ടര്‍ ട്രാന്‍സ്ഫോര്‍മേഷന്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ കെ. അജിത് കുമാര്‍, കിന്‍ഫ്രാ മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, സി.ഐ.ഐ കേരള മുന്‍ ചെയര്‍മാന്‍ എം.ആര്‍ നാരായണന്‍, കെ.എസ്.എസ്.ഐ.എ സംസ്ഥാന വൈസ് പ്രസിഡന്റ് എ. ഫസലുദ്ദീന്‍, തുടങ്ങിയവരും പങ്കെടുത്തു.

date